ശബരിമല പ്രക്ഷോഭം: ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തല്‍ ബി.ജെ.പിയുടെ കാപട്യം തുറന്നു കാട്ടുന്നു: എസ്.ഡി.പി.ഐ
SDPI
05 നവംബർ 2018
തിരുവനന്തപുരം: ആചാരസംരക്ഷണത്തിന്റെ പേരില്‍ ബി.ജെ.പി നടത്തുന്ന ശബരിമല പ്രക്ഷോഭം കാപട്യമാണെന്ന് ശ്രീധരന്‍ പിള്ളയുടെ വാക്കുകളിലൂടെ ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ് കുമാര്‍. ശബരിമല വിഷയം ബി.ജെ.പിക്ക് വീണുകിട്ടിയ സുവര്‍ണാവസരമാണെന്നാണ് ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള യുവമോര്‍ച്ചയുടെ യോഗത്തില്‍ പറയുന്നത്. ആചാരസംരക്ഷണമോ ഭക്തന്മാരോടുള്ള താല്‍പ്പര്യമോ ആരാധനാലയങ്ങളോടുള്ള പ്രതിബന്ധതയോ അല്ല സംഘപരിവാര സമരത്തിനു പിന്നിലെന്ന് ഇതിലൂടെ സ്വയം ഏറ്റുപറഞ്ഞിരിക്കുകയാണ്. ഈ കാപട്യം യഥാര്‍ഥ വിശ്വാസികള്‍ തിരിച്ചറിയണം. ഉത്തരേന്ത്യയില്‍ രാമജന്മഭൂമി പ്രക്ഷോഭത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്ത ബിജെപി ശബരിമലയെ ഉപയോഗപ്പെടുത്തി ഇതേ നേട്ടം ദക്ഷിണേന്ത്യയിലും ആവര്‍ത്തിക്കാമെന്നാണ് വ്യാമോഹിക്കുന്നത്. തുലാമാസ പൂജക്കാലത്ത് ശബരിമലയിലേക്ക് യുവതികള്‍ കയറിയപ്പോള്‍ നട അടച്ചിടുമെന്നു പ്രഖ്യാപിക്കും മുമ്പ് തന്ത്രി ഫോണില്‍ തന്നെ വിളിച്ചിരുന്നുവെന്നാണ് ശ്രീധരന്‍ പിള്ള വെളിപ്പെടുത്തുന്നത്. ഈ വെളിപ്പെടുത്തല്‍ രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടത്തിന്റെ ദുസ്സൂചനയാണ്. നിലിവുള്ള എല്ലാ സംവിധാനങ്ങളെയും നിയന്ത്രിക്കാനും അവരുടെ ഇഛയ്ക്കനുസരിച്ച് ചലിപ്പിക്കാനും അധികാര നിയന്ത്രണമില്ലാത്ത സംസ്ഥാനത്തു പോലും സംഘപരിവാരത്തിനു സാധിക്കുന്നു എന്നത് വളരെ ഗൗരവാവഹമാണ്. ശബരിമല തന്ത്രിയുള്‍പ്പെടെയുള്ളവരെ നിയന്ത്രിക്കുന്നത് ബി.ജെ.പിയാണെന്നുള്ള വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ സംവിധാനങ്ങളേയും നിയമ വ്യവസ്ഥയേയും അട്ടിമറിക്കുന്നതിനുള്ള ഗൂഢാലോചനയെയാണ് തുറന്ന് കാണിക്കുന്നത്. വിശ്വാസത്തെയും ആചാരത്തെയും ആരാധനാലയങ്ങളെയും ദുരുപയോഗം ചെയ്ത് രാജ്യത്ത് കലാപം സൃഷ്ടിക്കാനുള്ള ഗൂഢനീക്കം ബിജെപിയുടെ ഉന്നത നേതാവിന്റെ വാക്കുകളിലൂടെ തന്നെ പുറത്തുവന്ന സ്ഥിതിയ്ക്ക് വിഷയത്തില്‍ സത്വരമായ അന്വേഷണം നടത്തി തക്കതായ നിയമനടപടി സ്വീകരിക്കണമെന്ന് മനോജ്കുമാര്‍ ആവശ്യപ്പെട്ടു.