മുന്നാക്ക സംവരണം: ഭരണഘടനാ വിരുദ്ധം എസ്.ഡി.പി.ഐ സെമിനാര്‍ സംഘടിപ്പിച്ചു
SDPI
08 ജനുവരി 2019
ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ 10 ശതമാനം മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം.കെ. ഫൈസി. 'സാമ്പത്തിക സംവരണം ഭരണഘടനാ അട്ടിമറി' എന്ന തലക്കെട്ടില്‍ എസ്.ഡി.പി.ഐ ന്യൂഡെല്‍ഹിയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മുന്നാക്ക വോട്ടുകള്‍ തങ്ങള്‍ക്കനുകൂലമാക്കുന്നതിനാണ് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സര്‍ക്കാര്‍ തിടുക്കത്തില്‍ മുന്നാക്കസംവരണം നടപ്പാക്കിയതെന്നും അദ്ദേഹം പറഞ്ഞു. സംവരണം വിഭാവനം ചെയ്തിരിക്കുന്നത് പാര്‍ശ്വല്‍ക്കൃത ജനതയെ സാമ്പത്തികമായി ഉയര്‍ത്തുന്നതിനല്ല, മറിച്ച് വിദ്യാഭ്യാസ രംഗത്തും ഭരണതലത്തിലും നിയമനിര്‍മാണസഭകളിലും അവരുടെ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് ലക്ഷ്യം. സമൂഹത്തിന്റെ എല്ലാ മേഖലകളിലും തുല്യപ്രാതിനിധ്യം ലഭിക്കണം. ബി.ജെ.പി അധികാരത്തിലെത്തിയതു മുതല്‍ ആനുപാതിക പ്രാതിനിധ്യം എന്ന അംബേദ്കറുടെ സ്വപ്നം അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. അതേസമയം മുന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതിലുമധികം പ്രാതിനിധ്യം എല്ലാ മേഖലയിലും കൈയടക്കിയിരിക്കുന്നത്. മനുസ്മൃതി നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണ് മുന്നാക്ക സംവരണം. മതേതര പാര്‍ട്ടികളുടെ പിന്തുണയോടെ ബി.ജെ.പി സര്‍ക്കാര്‍ അവരുടെ നയങ്ങള്‍ നടപ്പാക്കുകയാണെന്ന് രാജ്യസഭാ അംഗവും ഡി.എം.കെ നേതാവുമായ എം.എസ് കനിമൊഴി പറഞ്ഞു. ദലിതര്‍ക്കും രാജ്യത്തെ അടിസ്ഥാന ജനതയ്ക്കും ഭരണഘടനാ തത്വങ്ങള്‍ക്കും വിരുദ്ധമായ മുന്നാക്ക സംവരണത്തെ എതിര്‍ക്കാന്‍ മതേതര പാര്‍ട്ടികള്‍ക്ക് കഴിഞ്ഞില്ലെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു. എസ്.ഡി.പി.ഐ ദേശീയ വൈസ് പ്രസിഡന്റുമാരായ അഡ്വ. ഷറഫുദ്ദീന്‍ അഹ്്മദ്, ദഹ്്ലാന്‍ ബാഖവി, സുപ്രിം കോടതി അഭിഭാഷകനായ മഹ്്മൂദ് പ്രാച്ച, അശോക് ഭാരതി, ഭാനു പ്രതാപ്, എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി അബ്ദുല്‍ മജീദ്, ദേശീയ സെക്രട്ടറി ഡോ. തസ്്ലീം അഹ്്മദ് റഹ്്മാനി, ഡെല്‍ഹി സംസ്ഥാന കണ്‍വീനര്‍ ഡോ. നിസാമുദ്ദീന്‍ ഖാന്‍ സംസാരിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാമൂഹിക സംഘടനാ പ്രവര്‍ത്തകര്‍ സംബന്ധിച്ചു.