വൈദ്യുതി നിരക്ക് വര്‍ധന എസ്ഡിപിഐ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി സംസ്ഥാന വ്യാപക പ്രതിഷേധം
SDPI
12 ജൂലൈ 2019
തിരുവനന്തപുരം : വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ച പിണറായി സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെതിരേ എസ്ഡിപിഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മയില്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. വൈദ്യുതി നിരക്ക് അമിതമായി വര്‍ധിപ്പിച്ച് പിണറായി സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോര്‍പറേറ്റുകളുടെ കോടിക്കണക്കിന് രൂപ കുടിശ്ശിഖ തിരിച്ചുപിടിക്കാന്‍ സര്‍ക്കാരിന് ആര്‍ജ്ജവമില്ല. സാധാരണക്കാരന്‍ വൈദ്യുതി ബില്‍ അടയ്ക്കാന്‍ ഒരു ദിവസം വൈകിയാല്‍ വൈദ്യുതി വിഛേദിക്കുന്ന അധികൃതരാണ് കോര്‍പറേറ്റുകളോട് മൃദുസമീപനം സ്വീകരിക്കുന്നത്. വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനങ്ങളെ വൈദ്യുതി നിരക്ക് കൂടി വര്‍ധിപ്പിച്ച് ദുരിതക്കയത്തിലാക്കുന്ന പിണറായി സര്‍ക്കാര്‍ ജനങ്ങളെയെല്ലാം ശരിയാക്കുകയാണ്. അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അങ്കണവാടികള്‍ തുടങ്ങിയവയുടെയും പെട്ടിക്കടകളുടെയും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിച്ചത് അംഗീകരിക്കാനാവില്ല. അനാഥാലയങ്ങള്‍ക്ക് നാളിതുവരെ ഫിക്സഡ് ചാര്‍ജ് ഉണ്ടായിരുന്നില്ല. അതും അടിച്ചേല്‍പ്പിച്ചിരിക്കുന്ന നടപടി അത്യന്തം പ്രതിഷേധാര്‍ഹമാണ്. വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കാത്തപക്ഷം ശക്തമായ തുടര്‍പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മാര്‍ച്ചിനോടനുബന്ധിച്ച് വൈദ്യുതി മന്ത്രി എം എം മണിയുടെ കോലവും കത്തിച്ചു. അട്ടക്കുളങ്ങരയില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെക്രട്ടറിയേറ്റിനു മുമ്പില്‍ പോലിസ് തടഞ്ഞു. പ്രതിഷേധക്കാര്‍ക്കെതിരേ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജില്ലാ ജനറല്‍ സെക്രട്ടറി അഷറഫ് പ്രാവച്ചമ്പലം, സെക്രട്ടറി ഷബീര്‍ ആസാദ് നേതൃത്വം നല്‍കി. ചാര്‍ജ് വര്‍ധയ്ക്കെതിരേ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി പ്രാദേശിക തലങ്ങളില്‍ പന്തം കൊളുത്തി പ്രകടനവും നടത്തി.