നിലനില്‍പ്പിന് കോടിയേരി മാര്‍ക്സിനെ വിട്ട് മനുസ്മൃതിയെ കൂട്ടുപിടിക്കുന്നു- എസ്ഡിപിഐ
SDPI
26 ജൂലൈ 2019
കൊച്ചി: കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പ്രായോഗികമല്ലെന്നു തിരിച്ചറിഞ്ഞ തിനാല്‍ സിപിഎമ്മിന്റെ നിലനില്‍പ്പിന് മാര്‍ക്സിനെ വിട്ട് മനുസ്മൃതിയെ കൂട്ടുപിടിക്കാനാണ് കോടിയേരി ബാലകൃഷ്ണന്‍ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം.കെ മനോജ്കുമാര്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി.
അഗ്രഹാരങ്ങളുടെ ശോച്യാവസ്ഥയില്‍ വിലപിക്കുന്ന കോടിയേരിയുടെ സവര്‍ണ മനസ് മനുസ്മൃതിയില്‍ അധിഷ്ടിതമായ ജാതിവ്യവസ്ഥയെ ഉള്ളില്‍ താലോലിക്കുന്നതിന്റെ തെളിവാണ്. സവര്‍ണര്‍ക്ക് നഗരകേന്ദ്രീകൃതമായി അഗ്രഹാരങ്ങള്‍ തയ്യാറാക്കിയപ്പോള്‍ റോഡരികിലും ആറ്റുപുറമ്പോക്കുകളിലും വനാതിര്‍ത്തികളിലും ചേരികളിലുമായി കോളനികള്‍ സ്ഥാപിച്ചാണ് ദലിതുകളെയും ആദിവാസികളെയും പുനരധിവസിപ്പിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുവേണ്ടി സ്വജീവിതം സമര്‍പ്പിച്ചവര്‍ കോളനികളില്‍ നരകയാതനയനുഭവിക്കുന്നത് കാണാന്‍ കോടിയേരിയുടെ സവര്‍ണ മനസിന് കഴിയാത്തത് ഖേദകരമാണ്. നവോത്ഥാന മതിലുകെട്ടി പാര്‍ശ്വവത്കൃത സമൂഹത്തെയും അഗ്രഹാര സന്ദര്‍ശനത്തിലൂടെ ബ്രാഹ്മണരെയും ഒരേ നുകത്തില്‍ തളക്കാനാണ് കോടിയേരിയുടെ ശ്രമം. നായാടി മുതല്‍ നമ്പൂതിരി വരെയെന്ന സംഘപരിവാര അജണ്ടയും സിപിഎം താത്പര്യവും ഒന്നു തന്നെയാണ്. ബ്രാഹ്മണനാവുന്നത് മുജ്ജന്മ സുകൃതംകൊണ്ടാണെന്ന് മനുസ്മൃതിയിലധിഷ്ടിതമായ ജാതിവ്യവസ്ഥ പഠിപ്പിക്കുമ്പോള്‍ അഗ്രഹാരത്തില്‍ ശോച്യാവസ്ഥയില്‍ കഴിയുന്നവര്‍ മുജ്ജന്മ പാപം ചെയ്തവരാണോയെന്ന് കോടിയേരി വ്യക്തമാക്കണം. പിന്നാക്ക സംവരണത്തിന് തുരങ്കംവെക്കാനും മുന്നാക്ക സംവരണം നടപ്പാക്കാനും കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാനത്തെ പ്രഥമ മന്ത്രിസഭ മുതല്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ ഭരണഘടനാ ഭേദഗതിയിലൂടെ ബിജെപി സര്‍ക്കാര്‍ അതിന് തയ്യാറായപ്പോള്‍ ഇടതു സര്‍ക്കാര്‍ അമിതാവേശത്തോടെ എല്ലാ മേഖലയിലും ധൃതിപിടിച്ച് നടപ്പാക്കുന്നതും ഉള്ളിലൊളിപ്പിച്ചിരിക്കുന്ന ഈ സവര്‍ണ ബോധത്തിന്റെ സാക്ഷാല്‍ക്കാര ത്തിനാണെന്നും മനോജ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.