പോലിസ് കമ്മീഷണറേറ്റ് പൗരാവകാശ ലംഘനത്തിനിടയാക്കും: ജസ്റ്റിസ് പി കെ ശംസുദ്ദീന്‍ ഇടതുപക്ഷ ശാഠ്യം ദുരൂഹം
SDPI
31 ജൂലൈ 2019
കൊച്ചി: സംസ്ഥാനത്ത് പോലിസ് കമ്മീഷണറേറ്റ് നടപ്പാക്കുന്നത് ഭരണഘടന ഉറപ്പാക്കുന്ന പൗരാവകാശങ്ങളുടെ ലംഘനത്തിനിടയാക്കുമെന്ന് ജസ്റ്റിസ് പി കെ ശംസുദ്ദീന്‍. കമ്മീഷണറേറ്റ് നടപ്പാക്കാനുള്ള ഇടതുപക്ഷത്തിന്റെ ശാഠ്യം ദുരൂഹമാണെന്നും അതിനെ ശക്തമായി എതിര്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലിസിന് അമിതാധികാരം നല്‍കുന്ന കമ്മീഷണറേറ്റ് നടപ്പാക്കരുതെന്ന പ്രമേയത്തില്‍ എസ്ഡിപിഐ കൊച്ചിയില്‍ സംഘടിപ്പിച്ച പൗരാവകാശ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നീതിന്യായ മേഖലയില്‍ പരിശീലനം നേടിയ കലക്ടറുടെ അധികാരം യാതൊരു പരിശീലനവും നേടാത്ത പോലിസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത് അപകടം ക്ഷണിച്ചുവരുത്തും. സ്വന്തം കേസില്‍ വിധി പറയുന്ന ന്യായാധിപന്മാരായി പോലിസ് മാറുന്നത് അത്യന്തം അപകടകരമാണ്. കസ്റ്റഡി പീഡനങ്ങളില്‍ ഉന്നത പോലിസുദ്യോഗസ്ഥര്‍ വരെ പ്രതികളാവുന്ന സാഹചര്യം സംസ്ഥാനത്ത് വര്‍ധിച്ചു വരികയാണ്. ഏതു ക്രൂരതയും ചെയ്യാന്‍ മടിയില്ലാത്തവരായി പോലിസുദ്യോഗസ്ഥര്‍ മാറിയിരിക്കുന്നു. കുറ്റാന്വേഷണത്തിന് ശാസ്ത്രീയ രീതിയല്ല മറിച്ച് മൂന്നാം മുറയാണ് പോലിസ് ഇപ്പോഴും തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യം ക്രമേണ പോലിസ് രാജിനോട് അടുക്കുകയാണെന്ന് പ്രമുഖ അഭിഭാഷകനായ കെ എസ് മധുസൂദനന്‍ പറഞ്ഞു. പൗരാവകാശങ്ങള്‍ നിഷേധിക്കുന്നതിന് നിയമനിര്‍മാണം നടത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മല്‍സരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അശ്്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. എന്‍സിഎച്ചആര്‍ഒ ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ്, അഡ്വ. പി കെ ശാന്തമ്മ, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍, ഷെമീര്‍ മാഞ്ഞാലി സംസാരിച്ചു. പി പി മൊയ്തീന്‍ കുഞ്ഞ്, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇര്‍ഷാന സംബന്ധിച്ചു.