പൊരുതി നേടിയ സ്വാതന്ത്ര്യം അടിയറവെക്കില്ല’ എസ്ഡിപിഐ കാവലാള്‍ ജാഥ ആഗസ്ത് 15 ന്, സംസ്ഥാനത്ത് 50 കേന്ദ്രങ്ങളില്‍
SDPI
03 ഓഗസ്റ്റ് 2019
കോഴിക്കോട് : പൊരുതി നേടിയ സ്വാതന്ത്ര്യം അടിയറ വെക്കില്ല’ എന്ന പ്രമേയവുമായി ആഗസ്ത് 15 ന്, സംസ്ഥാനത്ത് 50 കേന്ദ്രങ്ങളില്‍ എസ്ഡിപിഐ കാവലാള്‍ ജാഥ സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈദേശികാധിപത്യത്തില്‍ നിന്ന് നാം നേടിയ സ്വാതന്ത്ര്യം ഇരന്നു വാങ്ങിയതല്ല. അതിനായി രാജ്യസ്നേഹികളായ നമ്മുടെ ലക്ഷക്കണക്കിന് മുന്‍ഗാമികള്‍ ജീവനും ജീവിതവും ബലികഴിച്ചു. വംശവെറി സൃഷ്ടിച്ച് മതവിഭാഗങ്ങളെ തമ്മിലടിപ്പിക്കുന്ന ദേശവിരുദ്ധരുടെ കൈകളിലാണ് ഇന്ന് രാജ്യത്തിന്റെ നിയന്ത്രണം. അവരുടെ നിയന്ത്രണത്തില്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യവും മതേതരത്വവും തൂക്കുമരത്തിലാണ്. ഭരണത്തിന്റെ തണലില്‍ ഹിന്ദുത്വ ഭീകരര്‍ രാജ്യത്ത് അഴിഞ്ഞാടുകയാണ്. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഭീകരമായ കൊലപാതകങ്ങള്‍ ദിനചര്യയായി മാറിയിരിക്കുന്നു. പശുവിന്റെ പേരിലും ശ്രീരാമന്റെ പേരിലും ഭീകര ആക്രമണങ്ങള്‍ നടക്കുന്നു. ജയ് ശ്രീരാം വിളിക്കാത്തതിന് 15 വയസ് മാത്രം പ്രായമുള്ള ബാലനെ പച്ചയ്ക്ക് കത്തിച്ച സംഭവം സംഘി ഭീകരതയുടെ ആഴം വ്യക്തമാക്കുന്നു. തങ്ങള്‍ ചെയ്യുന്നതും പറയുന്നതും എതിര്‍വാ ഇല്ലാതെ അനുസരിക്കാത്തവര്‍ക്ക് രക്ഷയില്ല. യോഗി ഭരിക്കുന്ന യുപിയിലെ ഉന്നാവയില്‍ അതാണ് കണ്ടത്. ഇതിനെതിരേ ശബ്ദിക്കുന്നവര്‍ക്കെതിരേ വരെ കൊലവിളി നടത്തുന്നു. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ പോലും അവരുടെ ഭീഷണി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. സംഘഭീകരതയ്ക്കെതിരേ പ്രതിഷേധിച്ച അടൂരിനെ ഭൂമിയില്‍ നിന്ന് അന്യഗ്രഹത്തിലേയ്ക്ക് അയക്കുമെന്ന ഭീഷണി ഇതാണ് വ്യക്തമാക്കുന്നത്.
പൗരന്മാരുടെ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നതിനുള്ള നിയമനിര്‍മാണത്തിലാണ് ഭരണകൂടത്തിന്റെ മുഴുവന്‍ ശ്രദ്ധയും. ഭീകര നിയമങ്ങളിലൂടെ പൗരനെ ബന്ധിക്കാന്‍ രാജ്യത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒത്തുചേരുന്ന കാഴ്ച രാജ്യസ്നേഹികളില്‍ ആശങ്കയും ഭയവും സൃഷ്ടിച്ചിരിക്കുകയാണ്. രാജ്യത്തെ വലിയ ഒരു ജനവിഭാഗത്തിന്റെ പൗരത്വം പോലും ചോദ്യം ചെയ്യപ്പെടുകയാണ്. അയല്‍ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ കുടിയേറിയവര്‍ക്ക് പൗരത്വം നല്‍കുന്നതിന് മാനദണ്ഡം നിശ്ചയിച്ചപ്പോള്‍ അതൊന്നും മുസ്ലിംകള്‍ക്ക് മാത്രം അനുവദിക്കരുതെന്ന നിയമം പാര്‍ലമെന്റ് പാസാക്കിയത് എത്രയധികം ജനാധിപത്യവിരുദ്ധമാണ്. ബ്രിട്ടീഷുകാരന്റെ ഭിന്നിപ്പിക്കല്‍ തന്ത്രം അതേ പടി പകര്‍ത്തുന്ന സംഘപരിവാര്‍ രാജ്യത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാണ്. ഇതിന്റെ ഗൗരവം തിരിച്ചറിയുന്നതില്‍ പ്രതിപക്ഷ നിരയിലുള്ള മുഴുവന്‍ പാര്‍ട്ടികളും പരാജയപ്പെട്ടതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം. അതില്‍ നിന്നും ആരും പാഠം പഠിച്ചതായി അനുഭവപ്പെടുന്നില്ല.
ഇന്ത്യയെ രക്ഷിക്കേണ്ട ബാധ്യത ഈ രാജ്യത്തെ സ്നേഹിക്കുന്ന പൗരന്മാര്‍ക്കുണ്ട്. ഈ ബാധ്യത നിര്‍വഹിക്കാന്‍ പൗരന്മാരെ പ്രാപ്തരാക്കുകയാണ് വര്‍ത്തമാന ഇന്ത്യ തേടുന്ന ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തനം. ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിന പരിപാടിയിലൂടെ എസ്ഡിപിഐ നല്‍കുന്ന സന്ദേശം അതാണ്. വെല്ലുവിളികളെ നേരിടാന്‍ പൂര്‍വികര്‍ ധൈര്യം കാണിച്ചതിന്റെ ഫലമാണ് നമ്മുടെ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം സംരക്ഷിക്കാനും നിലനിര്‍ത്താനും നാം പൂര്‍വികരുടെ പാതയിലൂടെ മുന്നോട്ട് പോവണം. സ്വാതന്ത്ര്യവും നീതിയും പുലരുന്ന ഭയരഹിതമായ ഒരു ഇന്ത്യയ്ക്കായി രാജ്യസ്നേഹികള്‍ ഒരുമിക്കണമെന്നാണ് എസ്ഡിപിഐ മുന്നോട്ടു വക്കുന്ന സന്ദേശം.
വാര്‍ത്താസമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി സംസാരിച്ചു.