SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ഖനന നിരോധനം പിന്‍വലിച്ച നടപടി: സംസ്ഥാന സര്‍ക്കാര്‍ ക്വാറി മാഫിയകളുടെ ഏജന്റാവരുത്- എസ്ഡിപിഐ
SDPI
21 ഓഗസ്റ്റ്‌ 2019

കോഴിക്കോട്: സംസ്ഥാനത്ത് മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലും നിരവധിയാളുകളുടെ ജീവനെടുത്തതിനെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഖനന നിരോധനം ധൃതിപിടിച്ച് നീക്കിയതിലൂടെ തങ്ങള്‍ ഭരിക്കുന്നത് ക്വാറി മാഫിയകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് പിണറായി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍ വാര്‍ത്താക്കുറിപ്പില്‍ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ലക്ഷക്കണക്കിന് മനുഷ്യ ജീവനേക്കാള്‍ സര്‍ക്കാരിന് പ്രധാനം ക്വാറി മാഫിയകളാണ്. ശാസ്ത്രീയമായ ഒരു പഠനവും നടത്താതെയാണ് നിരോധനം പിന്‍വലിച്ചിരിക്കുന്നത്.  പശ്ചിമഘട്ടത്തിലെ പാറക്വാറികള്‍ ഉയര്‍ത്തുന്ന ഭീഷണി മാധവ് ഗാഡ്ഗിലടക്കമുള്ള വിദഗ്ധര്‍ നിരവധി തവണ ചൂണ്ടിക്കാട്ടിയിരുന്നു. ഇത്തവണത്തെ ദുരന്തങ്ങളുടേയും കാരണങ്ങളിലൊന്നായി പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഉന്നയിക്കുന്നത് ഖനനം തന്നെയാണ്. പാറഖനന നിരോധനത്തിനാധാരമായ കവളപ്പാറയിലും പുത്തുമലയിലും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നതിനിടെയാണ് നിരോധനം സര്‍ക്കാര്‍ പിന്‍വലിക്കുന്നത്. സംസ്ഥാനത്ത് 750 ക്വാറികള്‍ അനുമതിയോടെ പ്രവര്‍ത്തിക്കുമ്പോള്‍ 5924 ക്വാറികള്‍ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിയമവിരുദ്ധ ക്വാറികള്‍ക്കെതിരേ ചെറുവിരലനക്കാല്‍ ആര്‍ജ്ജവമില്ലാത്ത സര്‍ക്കാരാണ് സംസ്ഥാനത്തെ ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തി ഖനന നിരോധനം പിന്‍വലിച്ച് ഉത്തരവിറക്കിയിരിക്കുന്നത്. സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്നും തുളസീധരന്‍ കൂട്ടിച്ചേര്‍ത്തു.