സാമ്പത്തികപ്രതിസന്ധി സര്‍ക്കാര്‍ ധൂര്‍ത്ത് അവസാനിപ്പിക്കണം: എസ്ഡിപിഐ
SDPI
04 സെപ്റ്റംബർ 2019
തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വാര്‍ഷിക പദ്ധതി വെട്ടിച്ചുരുക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്ത് അവസാനിപ്പിക്കാനും കൂടി തയ്യാറാവണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഓഫിസ് മോടി പിടിപ്പിക്കാനും ഇഷ്ടക്കാരെ ഉന്നത സ്ഥാനങ്ങള്‍ സൃഷ്ടിച്ച് പ്രതിഷ്ഠിക്കാനുമാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. 2018 ല്‍ പ്രളയക്കെടുതിയില്‍ സംസ്ഥാനം നട്ടം തിരിയുമ്പോഴായിരുന്നു മന്ത്രിസഭ വികസിപ്പിച്ചത്. കാബിനറ്റ് പദവി നല്‍കി ഡെല്‍ഹിയില്‍ മുന്‍ എംപിക്ക് ഓഫിസ് തയ്യാറാക്കാനും ചീഫ് വിപ്പിനെ നിയമിക്കാനും ഉപദേശകരുടെ എണ്ണം വര്‍ധിപ്പിക്കാനുമായിരുന്നു ഇടതു സര്‍ക്കാര്‍ ശ്രമം. മുഖ്യമന്ത്രിയുടെ ഓഫിസും നിയമോപദേശത്തിന് നിയമിച്ച സീനിയര്‍ അഭിഭാഷകന്റെ ഓഫിസും മോടി പിടിപ്പിക്കാന്‍ ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. പിണറായി സര്‍ക്കാരിന് ഉപദേശ വൃന്ദത്തിന് ശമ്പളവും ചെലവുമായി കോടികള്‍ പ്രതിമാസം വേണം. ഈ ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കാതെ വാര്‍ഷിക പദ്ധതികള്‍ 30 മുതല്‍ 35 ശതമാനം വരെ വെട്ടിക്കുറക്കാനുള്ള ധനവകുപ്പ് തീരുമാനം അപഹാസ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.