ബാബരി മസ്ജിദ്: 'ചരിത്രവിധി അല്ല, വിചിത്ര വിധി'’ പ്രതിഷേധം വ്യാപകമാക്കും: എസ്.ഡി.പി.ഐ
SDPI
13 നവംബർ 2019
കോഴിക്കോട്: ബാബരി ഭൂമിയുടെ കാര്യത്തില്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ വിധിയെ ചരിത്രപരമെന്ന് വിശേഷിപ്പിക്കാനാകില്ല. വസ്തുതകളെ പൂര്‍ണ്ണമായി അവഗണിച്ച വിചിത്ര വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. 1528 മുതല്‍ ആരാധന നടക്കുന്ന പള്ളി കയ്യേറി വിഗ്രഹം സ്ഥാപിച്ചതും, നിയമത്തെ കാറ്റില്‍ പറത്തി തകര്‍ത്ത് കളഞ്ഞതും തെറ്റാണെന്ന് പ്രഖ്യാപിക്കുന്ന കോടതി പതിനാറാം നൂറ്റാണ്ടിന് മുമ്പുള്ള ഐതിഹ്യങ്ങളെയും ഏതാനും ചില നിഗമനങ്ങളെയും മുന്‍നിര്‍ത്തി തര്‍ക്കഭൂമി ഒരു പക്ഷത്തിന് മാത്രം വിധിച്ചത് മതേതരത്വത്തിനും, നീതിന്യായ വ്യവസ്ഥതയിലുള്ള വിശ്വാസത്തിനും മുറിവേല്‍പ്പിച്ചിരിക്കുകയാണ്.
മതേതര സംവിധാനത്തിന്റെ മരണമണിയാണ് ഇവിടെ മുഴങ്ങിയിരിക്കുന്നത്. ഇതോടെ ഏകസിവില്‍കോഡിന് വേണ്ടിയുള്ള നീക്കം സംഘ്പരിവാര്‍ ശക്തിപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ക്ഷേത്ര നിര്‍മ്മാണത്തിന് ട്രസ്റ്റ് രൂപീകരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിക്കുന്നതിലെ ഭരണഘടനാ സാധുത പോലും ചില നിയമജ്ഞര്‍ ചോദ്യം ചെയ്തു കഴിഞ്ഞു. മതവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പക്ഷം ചേരാതിരിക്കുകയാണ് മതേതരത്വം.
സുപ്രീം കോടതിയുടെ നിര്‍ദ്ദേശം ലംഘിച്ച് കൊണ്ട് മസ്ജിദ് തകര്‍ത്തത് തെറ്റാണെന്ന് സുപ്രീം കോടതി വിധിയില്‍ വ്യക്തമാകുന്നു. ഈ നിയമ ലംഘനത്തിന് നേതൃത്വം നല്‍കിയവരും തര്‍ക്ക സ്ഥലത്ത് തന്നെ ക്ഷേത്രം പണിയുമെന്ന് ഒരു കോടതി വിധിക്കും കാത്ത് നില്‍ക്കാതെ പ്രകടനപത്രികയില്‍ പ്രഖ്യാപിച്ചവരും കേന്ദ്രത്തിലും, ഉത്തര്‍പ്രദേശിലും ഭരണകര്‍ത്താക്കളായ സാഹചര്യത്തിലുണ്ടായ വിധി കൂടുതല്‍ ദുരൂഹമാകുന്നു. രാജ്യത്തെ നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസമര്‍പ്പിച്ചവര്‍ വിഢ്ഢികളാക്കപ്പെടുകയും നിയമത്തെ വെല്ലുവിളിച്ച് കൊണ്ടിരുന്നവര്‍ തെളിവിന്റെ പിന്‍ബലമില്ലാതെ അനുകൂല വിധി സമ്പാദിക്കുകയും ചെയ്യുന്നത് തെറ്റായ സന്ദേശമാണ് നല്‍കുന്നത്. കയ്യൂക്ക് കാണിക്കുന്നവന് നിയമ പരിരക്ഷ ഉറപ്പാക്കുന്ന കോടതിവിധി രാജ്യത്ത് പുതിയ കീഴ്വഴക്കം സൃഷ്ടിക്കും. രാജ്യത്തെ മറ്റനവധി ആരാധനാലയങ്ങള്‍ക്ക് നേരെ സംഘപരിവാര്‍ അവകാശവാദമുന്നയിക്കുന്ന സാഹചര്യത്തില്‍ സുപ്രീംകോടതി വിധിയിലൂടെ പ്രശ്‌നങ്ങള്‍ അവസാനിക്കുകയല്ല; കൂടുതല്‍ സങ്കീര്‍ണതകള്‍ക്ക് വഴിമരുന്നിടുകയാണ് ചെയ്തിരിക്കുന്നത്. ജനാധിപത്യ സംവിധാനത്തില്‍ ന്യൂനപക്ഷ സംരക്ഷണം എന്ന അടിസ്ഥാന തത്വം ഈ കോടതി വിധിയിലൂടെ അട്ടിമറിക്കപ്പെട്ടിരിക്കുന്നു.
ഭയം വിതച്ച് എതിര്‍ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ബാബരി വിധിയോടനുബന്ധിച്ചുണ്ടായത്. വിയോജിക്കാനുള്ള ഭരണഘടനാവകാശമാണ് ജനാധിപത്യത്തിന്റെ ആണിക്കല്ല്. ക്ഷേത്ര നിര്‍മ്മാണത്തിനെതിരായ ഒരു കോടതി വിധിയും അംഗീകരിക്കില്ലെന്ന് നിലപാടെടുത്തവരാണ് ഇതുവരെയും നിയമത്തിന്റെ വഴി മാത്രം തെരഞ്ഞെടുത്തവരോട് ദേശസ്‌നേഹത്തെ കുറിച്ച് സംസാരിക്കുന്നത്.
മതേതര പരിപ്രേക്ഷ്യത്തില്‍ നിന്ന് ചിന്തിക്കുമ്പോള്‍ എതിര്‍ക്കപ്പെടേണ്ട ഒരു വിധിയാണ് സുപ്രീം കോടതിയില്‍ നിന്നുണ്ടായിരിക്കുന്നത്. ഇതിനെതിരെ ജനകീയ പ്രതിഷേധത്തിന് എസ്.ഡി.പി.ഐ നേതൃത്വം നല്‍കും. അതിന്റെ ഭാഗമായി നവംബര്‍ 21,22,23 തിയ്യതികളില്‍ രാഷ്ട്രപതിക്ക് പ്രതിഷേധ കത്തുകളയക്കും. 'ചരിത്ര വിധിയല്ല, വിചിത്ര വിധി’’എന്ന തലക്കെട്ടില്‍ സംഘടിപ്പിക്കുന്ന തെരുവ് സംവാദങ്ങള്‍ക്ക് ഡിസംബര്‍ മൂന്നിന് എറണാകുളത്ത് തുടക്കം കുറിക്കും. തുടര്‍പരിപാടികള്‍ക്ക് രൂപം നല്‍കുന്നതിന് ന്യൂനപക്ഷ, പിന്നാക്ക സംഘടനകളുമായും നേതാക്കളുമായും ആശയവിനിമയം നടത്തും.
വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ ;
1. പി.അബ്ദുല്‍ മജീദ് ഫൈസി(സംസ്ഥാന പ്രസിഡന്റ്)
2. പി അബ്ദുല്‍ ഹമീദ്സംസ്ഥാന ജനറല്‍ സെക്രട്ടറി)
3. മുസ്തഫ കൊമ്മേരിസംസ്ഥാന സെക്രട്ടറി)