കേരളം രാജ്ഭവനിലേക്ക്, സിറ്റിസണ്‍സ് മാര്‍ച്ച് കാസര്‍കോഡ് നിന്ന് രാജ്ഭവനിലേക്ക് ജനുവരി 17- ഫെബ്രുവരി 01
SDPI
02 ജനുവരി 2020
കേരളം രാജ്ഭവനിലേക്ക്, സിറ്റിസണ്‍സ് മാര്‍ച്ച്
കാസര്‍കോഡ് നിന്ന് രാജ്ഭവനിലേക്ക്
ജനുവരി 17- ഫെബ്രുവരി 01
കൊച്ചി: 'എന്‍.ആര്‍.സി പിന്‍വലിക്കുക, സി.എ.എ തള്ളിക്കളയുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ കേരളം രാജ്ഭവനിലേക്ക് - സിറ്റിസണ്‍സ് മാര്‍ച്ച് നടത്തുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനുവരി 17 ന് കാസര്‍കോഡ് നിന്നാരംഭിച്ച് ഫെബ്രുവരി 01 ന് തിരുവനന്തപുരം രാജ്ഭവനു മുന്നില്‍ സമാപിക്കുന്ന വിധത്തിലാണ് മാര്‍ച്ച് ക്രമീകരിച്ചിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലൂടെയും കടന്നുപോകുന്ന സിറ്റിസണ്‍സ് മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും അടക്കം ആയിരങ്ങള്‍ അണിനിരക്കും. സിറ്റിസണ്‍സ് മാര്‍ച്ചിനോടനുബന്ധിച്ച് മണ്ഡലം തലങ്ങളില്‍ വാഹനജാഥ, ലഘുലേഖ വിതരണം, തെരുവുനാടകം എന്നിവ സംഘടിപ്പിക്കും. രാജ്യത്തിന്റെ ബഹുസ്വരതയെയും ജനാധിപത്യത്തെയും തകര്‍ക്കുന്ന ഭരണകൂട ഭീകരതക്കെതിരായി നിലപാടുകള്‍ സ്വീകരിക്കുന്ന പ്രസ്ഥാനങ്ങളുടെയും പൗരാവകാശ പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും പ്രതിഷേധ മുന്നേറ്റമായി ഈ മാര്‍ച്ച് മാറും. വൃദ്ധരും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളും തെരുവിലിറങ്ങിയിട്ടും ഏകാധിപത്യത്തിലൂടെ ഫാഷിസം നടപ്പാക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പി സര്‍ക്കാരിനുള്ള താക്കീതായി സിറ്റിസണ്‍സ് മാര്‍ച്ച് മാറുമെന്നും മജീദ് ഫൈസി വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുവാറ്റുപുഴ അഷറഫ് മൗലവി, എം കെ മനോജ് കുമാര്‍, കെ കെ റൈഹാനത്ത്, സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ എന്നിവരും സംബന്ധിച്ചു.