അഖണ്ഡതയ്‌ക്കെതിരായ നീക്കങ്ങളെ ജനാധിപത്യപരമായി പ്രതിരോധിക്കണം: പി അബ്ദുല്‍ മജീദ് ഫൈസി
KKP
24 ജനുവരി 2020
കൊച്ചി: രാജ്യത്തിന്റെ അഖണ്ഡതക്കെതിരായ ഭരണകൂടങ്ങളുടെ നടപടികളെ ജനാധിപത്യപരമായി പ്രതിരോധിക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. 'സി.എ.എ പിന്‍വലിക്കുക, എന്‍.ആര്‍.സി ഉപേക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക' എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.ഡി.പി.ഐ നടത്തുന്ന കേരളം രാജ്ഭവനിലേക്ക് -സിറ്റിസണ്‍സ് മാര്‍ച്ചിന്റെ എറണാകുളം ജില്ലാതല സമാപന സമ്മേളനം കളമശ്ശേരിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതികള്‍ ഭരണഘടനയ്ക്ക് അനുകൂലമാണെന്ന ധാരണ വേണ്ട. കോടതികള്‍ രാജ്യത്തിന്റെ ഭരണഘടനയുടെയും നീതിയുടെയും ന്യായത്തിന്റെയും പക്ഷത്തായിരുന്നെങ്കില്‍ ബാബരി മസ്ജിദ് അക്രമത്തിലൂടെ തകര്‍ത്തവര്‍ക്കു തന്നെ നല്‍കുമായിരുന്നില്ല. കോടതികളില്‍ നിന്ന് നീതി പ്രതീക്ഷിക്കാനാവില്ല. ഇനി ഭരണഘടനയും നീതിയും സംരക്ഷിക്കാന്‍ ജനാധിപത്യ പോരാട്ടമാണ് വേണ്ടത്. ആ പോരാട്ടത്തിന് ജനത ഒന്നാകെ തയ്യാറാണെന്ന പ്രഖ്യാപനമാണ് സിറ്റിസണ്‍സ് മാര്‍ച്ചില്‍ അണിനിരക്കുന്ന ആയിരങ്ങള്‍ വിളിച്ചു പറയുന്നത്. സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ വലയങ്ങള്‍ ഭേദിച്ച് ഫാഷിസത്തിനെതിരായ ഈ പോരാട്ടം ലക്ഷ്യസ്ഥാനത്തേക്ക് മുന്നേറുക തന്നെ ചെയ്യും. രാജ്യത്തെ അധസ്ഥിത ജനത സ്വയം രാഷ്ട്രീയ നേതൃത്വം ഏറ്റെടുത്ത് പൊരുതാന്‍ തയ്യാറായിരിക്കുകയാണ്. ഈ പോരാട്ടത്തെ സ്വാംശീകരിച്ചും ശീതീകരിച്ചും ഇല്ലാതാക്കാനുള്ള സാമ്പ്രദായിക രാഷ്ട്രീയ പാര്‍ട്ടികളുടെ നീക്കം പരാജയപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്.ഡി.പി.ഐ ജില്ലാ പ്രസിഡന്റ് ഷെമീര്‍ മാഞ്ഞാലി അധ്യക്ഷത വഹിച്ചു. എസ്.ഡി.പി.ഐ ദേശീയ സമിതിയംഗം ഇ എം അബ്ദുര്‍ റഹ്മാന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍, എം ഗീതാനന്ദന്‍, ഇന്ത്യന്‍ ദലിത് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി വി കെ വിമലന്‍, ബി.എസ്.പി സംസ്ഥാന ട്രഷറര്‍ നിഅ്മത്തുള്ള, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് കെ കെ റൈഹാനത്ത്, ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് ഷിഹാബുദ്ദീന്‍ ബാഖവി, എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജ്യോതിവാസ് പറവൂര്‍, പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് എം കെ അഷറഫ്, പി.ഡി.പി ജില്ലാ പ്രസിഡന്റ് ടി എ മുജീബ് റഹ്മാന്‍, ജനകീയ ജാഗ്രതാ പ്രസ്ഥാനം പ്രസിഡന്റ് അഡ്വ. പി ജെ മാനുവല്‍, നാഷനല്‍ വിമന്‍സ് ഫ്രണ്ട് റമീന ജബ്ബാര്‍, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് തൗഫീഖ് മുഹമ്മദ്, എസ്.ഡി.പി.ഐ കളമശ്ശേരി മണ്ഡലം പ്രസിഡന്റ് ഷാനവാസ് കളമശ്ശേരി സംസാരിച്ചു.
എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ പി അബ്ദുല്‍ ഹമീദ്, റോയി അറയ്ക്കല്‍, സംസ്ഥാന ട്രഷറര്‍ അജ്മല്‍ ഇസ്മായീല്‍, സംസ്ഥാന സെക്രട്ടറിമാരായ കെ കെ അബ്ദുല്‍ ജബ്ബാര്‍, പി ആര്‍ സിയാദ്, കെ എസ് ഷാന്‍, സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ ഇ.എസ് കാജാ ഹുസൈന്‍, പി.പി മൊയ്തീന്‍ കുഞ്ഞ്, സംസ്ഥാന സമിതിയംഗങ്ങളായ പി ആര്‍ കൃഷ്ണന്‍ കുട്ടി, കൃഷ്ണന്‍ എരഞ്ഞിക്കല്‍, എസ്.ഡി.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറി നൗഷാദ് മംഗലശ്ശേരി, സംസ്ഥാന സെക്രട്ടറി ഫസല്‍ റഹ് മാന്‍, ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറം, വിമന്‍ ഇന്ത്യാ മൂവ്‌മെന്റ് ജില്ലാ പ്രസിഡന്റ് സുനിത നിസാര്‍ സംബന്ധിച്ചു.
ആലുവ തോട്ടക്കാട്ടുകരയില്‍ നിന്നാരംഭിച്ച സിറ്റിസണ്‍സ് മാര്‍ച്ച് ആലുവ ബൈപ്പാസ്, അമ്പാട്ടുകാവ്, കമ്പനിപ്പടി, മുട്ടം വഴി കളമശ്ശേരി എച്ച്.എം.ടി ജങ്ഷനില്‍ സമാപിച്ചു. മാര്‍ച്ചില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ ആയിരങ്ങള്‍ അണിനിരന്നു. മാര്‍ച്ചിനോടനുബന്ധിച്ച് ദേശീയ കലാസംഘം അവതരിപ്പിക്കുന്ന 'മേരേ പ്യാരേ ദേശ് വാസിയോം' എന്ന തെരുവരങ്ങ് ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ അരങ്ങേറി.