സംവരണ അട്ടിമറി: പിന്നാക്ക സമുദായങ്ങളെ എല്‍.ഡി.എഫ് വഞ്ചിക്കുന്നു- എസ്.ഡി.പി.ഐ
KKP
25 ജനുവരി 2020
കൊച്ചി: രാജ്യത്തെ പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളില്‍ ജനങ്ങള്‍ ശ്രദ്ധകേന്ദ്രീകരിച്ചതിന്റെ മറവില്‍ സംവരണ അട്ടിമറിയിലൂടെ എല്‍.ഡി.എഫ് പിന്നാക്ക വിഭാഗങ്ങളെ വഞ്ചിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി, സംസ്ഥാന വൈസ് പ്രസിഡന്റ് എം കെ മനോജ് കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പിന്നാക്ക വിഭാഗങ്ങളെ പ്രതികൂലമായി ബാധിക്കുന്ന വിവേചനപരമായ സര്‍ക്കാര്‍ തീരുമാനങ്ങളും ഉത്തരവുകളുമാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ളത്. 2020 ജനുവരി മൂന്നിലെ ഉത്തരവ് പ്രകാരം റൊട്ടേഷന്‍ അട്ടിമറിച്ചതുവഴി സംവരണ വിഭാഗങ്ങളുടെ മെറിറ്റ് അവസരം പോലും സര്‍ക്കാര്‍ നഷ്ടപ്പെടുത്തിയിരിക്കുന്നു. പുതിയ റൊട്ടേഷന്‍ പ്രകാരം 9, 19,29,39,49,59,69,79,89,99 എന്നീ ടേണുകള്‍ മുന്നാക്ക സമുദായത്തിനു മാത്രമായി സംവരണം ചെയ്യുമ്പോള്‍ പിന്നാക്കക്കാരന്റെ ജനറല്‍ ക്വാട്ടയിലുള്ള അവസരമാണ് നഷ്ടമാവുന്നത്. കഴിഞ്ഞ 13 വര്‍ഷമായി സംവരണ സംവിധാനത്തില്‍ വെള്ളം ചേര്‍ത്ത് പിന്നാക്കവിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആയിരക്കണക്കിന് തസ്തികകളാണ് പി.എസ്.സി അട്ടിമറിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ 08.03.2006 ലെ ഉത്തരവ് പ്രകാരം സംവരണനഷ്ടം നികത്തുന്നതിന് സംവരണ സമുദായങ്ങള്‍ക്കുമാത്രമായി വിജ്ഞാപനമിറിക്കി നിയമനം നടത്തുന്ന രീതിയാണ് എന്‍.സി.എ. മാതൃലിസ്റ്റില്‍ നിശ്ചിത പിന്നാക്ക വിഭാഗത്തിന്റെ അഭാവത്തില്‍ തുടര്‍ച്ചയായി രണ്ടു തവണയില്‍ കുറയാതെ റീനോട്ടിഫിക്കേഷന്‍ നടത്തിയ ശേഷം ഉദ്യോഗാര്‍ത്ഥികളെ ലഭിച്ചില്ലെങ്കില്‍ മാതൃലിസ്റ്റില്‍ നിന്നു നിയമനം നടത്തണമെന്നുമാണ് ചട്ടം. എന്നാല്‍ ഏഴ്, എട്ടു തവണ വരെ റീനോട്ടിഫിക്കേഷന്‍ നടത്തുന്ന രീതിയാണ് പി.എസ്.സി തുടരുന്നത്. 13 വര്‍ഷമായി ഈ നടപടി തുടരുന്നതിലൂടെ വിവിധ സ്‌പെഷ്യലിസ്റ്റ് തസ്തികകളിലടക്കം നൂറുകണക്കിന് തസ്തികകളാണ് പിന്നാക്ക വിഭാഗങ്ങള്‍ക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. സച്ചാര്‍ സമിതിയും പാലോളി കമ്മിറ്റിയും റിപ്പോര്‍ട്ട് ചെയ്ത പിന്നാക്ക വിഭാഗങ്ങളുടെ ഉദ്യോഗരംഗത്തെ പ്രാതിനിധ്യക്കുറവ് പരിഹരിക്കുന്നതിനു പകരം അവരുടെ കൂടുതല്‍ അവസരങ്ങള്‍ അനധികൃതമായി തട്ടിയെടുക്കുകയും മുന്നാക്കവിഭാഗങ്ങളെ തിരുകിക്കയറ്റുകയും ചെയ്യുന്ന രീതിയാണ് തുടര്‍ന്നുകൊണ്ടിരിക്കുന്നത്. പിന്നാക്ക കമ്മീഷനെ നോക്കുകുത്തിയാക്കി മുന്നാക്ക കമ്മീഷന് കാബിനറ്റ് പദവി ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ നല്‍കിയത്. പിന്നാക്ക വിഭാഗങ്ങളുടെ മെറിറ്റ് ക്വാട്ട ഉള്‍പ്പെടെ തട്ടിയെടുത്തു സവര്‍ണ വിഭാഗങ്ങള്‍ക്കു നല്‍കി അവരെ പ്രീണിപ്പിക്കുന്നതിന് അമിതാവേശം കാണിക്കുന്ന ഇടതുസര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് മജീദ് ഫൈസി വ്യക്തമാക്കി.
വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ പങ്കെടുത്തു.