SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പൗരത്വ പ്രക്ഷോഭം: കേരളാ മുഖ്യമന്ത്രിക്ക് ആര്‍.എസ്്.എസ് സ്വരം- പി അബ്ദുല്‍ ഹമീദ്
KKP
03 ഫെബ്രുവരി 2020

കോഴിക്കോട്: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന് ആര്‍.എസ്.എസ്സിന്റെ സ്വരമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൗരത്വ പ്രക്ഷോഭങ്ങളുടെ പേരില്‍ എസ്.ഡി.പി.ഐ സംസ്ഥാനത്ത് എന്ത് അക്രമമാണ് നടന്നത്തിയതെന്നു വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിക്കുകയാണെന്നും നുണപ്രചാരണം പിന്‍വലിച്ച് കേരളാ ജനതയോട് മുഖ്യമന്ത്രി മാപ്പുപറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രക്ഷോഭങ്ങളുടെ മറവില്‍ സംസ്ഥാനത്ത് പ്രശ്‌നങ്ങളുണ്ടാക്കുന്നത് എസ്.ഡി.പി.ഐ ആണെന്ന് നുണപറഞ്ഞ് നിയമസഭയെ തെറ്റിദ്ധരിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സംസ്ഥാനത്തെ പൗരത്വപ്രക്ഷോഭ പരിപാടികളില്‍ എസ്.ഡി.പി.ഐ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കുന്നു എന്നത് എസ്.ഡി.പി.ഐക്ക് ജനങ്ങളില്‍ നിന്നു കിട്ടുന്ന അകമഴിഞ്ഞ പിന്തുണയില്‍ വിറളിപൂണ്ട് നടത്തുന്ന നിലവിളിയാണ്. അങ്കമാലിയില്‍ മഹല്‍ കമ്മിറ്റി നടത്തിയ പ്രതിഷേധത്തില്‍ വഴിതടസ്സം സൃഷ്ടിച്ചെന്നാരോപിച്ച് 200 പേര്‍ക്കെതിരേ പോലിസ് കേസെടുത്ത വിവരം സ്ഥലം എം.എല്‍.എ റോജി എം ജോണ്‍ നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇതില്‍ ഒരാള്‍ പോലും എസ്.ഡി.പി.ഐക്കാരനില്ല. സംസ്ഥാനത്ത് ഒരിടത്തും എസ്.ഡി.പി.ഐക്കാരുടെ പേരില്‍ കേസെടുത്തിട്ടില്ല.
പൗരത്വനിഷേധത്തിനെതിരേ സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളില്‍ എസ്.ഡി.പി.ഐ മുന്‍നിരയില്‍ തന്നെയാണ്. ജനുവരി 17 മുതല്‍ ഫെബ്രുവരി ഒന്നുവരെ കാസര്‍ഗോഡ് നിന്ന് രാജ്ഭവനിലേക്ക് നടത്തിയ സിറ്റിസണ്‍സ് മാര്‍ച്ചില്‍ ജനലക്ഷങ്ങളാണ് അണിനിരന്നത്. അവിടെയൊന്നും യാതൊരു പ്രശ്‌നവുമുണ്ടായിട്ടില്ല. ഡിസംബര്‍ 17 ന് സംസ്ഥാനത്ത് നടന്ന ഹര്‍ത്താല്‍ പരാജയപ്പെടുത്തുന്നതിന് അധികാരത്തിന്റെ ധിക്കാരത്തില്‍ പോലിസിനെയും ഔദ്യോഗിക സംവിധാനങ്ങളെയും പിണറായി സര്‍ക്കാര്‍ ദുരുപയോഗം ചെയ്‌തെങ്കിലും ജനങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയായിരുന്നു. പാര്‍ട്ടിക്ക് ലഭിക്കുന്ന ജനപിന്തുണയിലുള്ള അസ്വസ്ഥതയാണ് വിദ്വേഷ വാക്കുകളായി പുറത്തുവരുന്നത്. ഇതുകൊണ്ടൊന്നും എസ്.ഡി.പി.ഐയെ സമരരംഗത്തുനിന്ന് കുടിയിറക്കാമെന്ന വ്യാമോഹം വേണ്ട. യോഗിയുടെ സ്വരം പിണറായിക്ക് ഉണ്ടാവുന്നത് യാദൃശ്ചികമല്ല.
പോലിസിലെ ആര്‍.എസ്.എസ് സ്വാധീനത്തില്‍ മുഖ്യമന്ത്രി നിസഹായനായി മാറിയിരിക്കുകയാണ്. പൗരത്വ നിഷേധത്തിനെതിരേ സമരംചെയ്യുന്നവര്‍ക്കെതിരേ കേസെടുക്കില്ലെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിക്കുമ്പോഴും നാടുനീളെ കേസുകളെടുത്ത് ആര്‍.എസ്.എസ് വിധേയത്വം പ്രകടിപ്പിക്കുന്ന പോലിസ് നടപടിയെ ന്യായീകരിക്കേണ്ട ഗതികേടിലാണ് മുഖ്യമന്ത്രി. നാട്ടില്‍ കലാപമുണ്ടാക്കാനും ഗുജറാത്ത് ആവര്‍ത്തിക്കാനും ആഹ്വാനം ചെയ്യുന്ന ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരേ സ്വീകരിച്ച നടപടി കൂടി മുഖ്യമന്ത്രി വെളിപ്പെടുത്തണം. തൃശൂര്‍ ജില്ലയില്‍ വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച ആര്‍.എസ്.എസുകാരനെ സംരക്ഷിക്കുകയും വിമര്‍ശിച്ചവര്‍ക്കെതിരേ കേസെടുക്കുകയുമാണ് പിണറായി പോലിസ് ചെയ്തത്. യു.പിയിലെ യോഗി പോലിസിന് പഠിക്കുന്ന കേരളാ പോലിസിനു മുമ്പില്‍ വിനീതവിധേയയായി മാറുന്ന പിണറായി മുഖ്യമന്ത്രിയെയാണ് നാം കാണുന്നത്. മുഖ്യമന്ത്രിയുടെ നിസഹായതയുടെ ദുരന്തഫലമാണ് കോഴിക്കോട് രണ്ടു സി.പി.എം പ്രവര്‍ത്തകരെ പോലും ബലി നല്‍കേണ്ടി വന്നത്. പൗരത്വത്തേക്കാള്‍ പിണറായി വിജയന് ഭയം ലാവ്‌ലിന്‍ കേസാണെന്ന് വീണ്ടും വീണ്ടും വ്യക്തമാവുകയാണ്. രാഷ്ട്രീയ നേട്ടത്തില്‍ കണ്ണുവെച്ച് സി.പി.എം നടത്തുന്ന പ്രക്ഷോഭങ്ങള്‍ പരാജയപ്പെടുകയും എസ്.ഡി.പി.ഐ നടത്തുന്ന പ്രക്ഷോഭങ്ങള്‍ ജനലക്ഷങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കുകയും ചെയ്തതിലുള്ള അസ്വസ്ഥത കൂടി മുഖ്യമന്ത്രി പ്രകടിപ്പിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കേവലം പാര്‍ട്ടി പ്രചാരകനായി അധ:പതിക്കരുത്. ജനകീയ സമരങ്ങള്‍ക്ക് മുഖ്യധാരയുടെ സര്‍ട്ടിഫിക്കറ്റ് വേണമന്ന ധിക്കാരത്തെ ചോദ്യം ചെയ്യുന്നതും മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും അസ്വസ്ഥമാക്കുന്നുണ്ട്. പൊതുമസൂഹത്തെ കബളിപ്പിക്കാന്‍ സമരനാടകം കളിക്കുകയും സംഘപരിവാരത്തിന് അനുകൂലമായി നിലപാടെടുക്കുകയും ചെയ്യുന്ന കാപട്യം കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതാണ് എസ്.ഡി.പി.ഐ സംഘടിപ്പിക്കുന്ന പരിപാടികളില്‍ ആയിരങ്ങള്‍ ഒഴുകിയെത്തുന്നത്. നുണകള്‍ ആവര്‍ത്തിച്ച് എസ്.ഡി.പി.ഐ പോലുള്ള പ്രസ്ഥാനങ്ങളെ അപകതീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്ന പിണറായി വിജയന്‍ സ്വയം പരിഹാസ്യനായി മാറുകയാണ്. നിയമസഭാ രേഖകളില്‍ നിന്ന് മുഖ്യമന്ത്രിയുടെ അടിസ്ഥാന രഹിതമായ ആരോപണം നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വാര്‍ത്താസമ്മേളനത്തില്‍ എസ്്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി സംബന്ധിച്ചു.