പിണറായി വിജയന്‍ പൗരത്വപ്രക്ഷോഭത്തെ ഒറ്റുകൊടുക്കുന്നു: എസ്.ഡി.പി.ഐ
KKP
07 ഫെബ്രുവരി 2020
തിരുവനന്തപുരം: കേരളത്തില്‍ നടക്കുന്ന പൗരത്വ സംരക്ഷണ പ്രക്ഷോഭങ്ങളില്‍ തീവ്രവാദികള്‍ നുഴഞ്ഞുകയറുന്നെന്ന കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന ഫാഷിസ്റ്റ് വിരുദ്ധ പ്രക്ഷോഭങ്ങളെ മുഴുവന്‍ ഒറ്റുകൊടുക്കുകയായിരുന്നെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് കുറ്റപ്പെടുത്തി. രാജ്യസഭയില്‍ പ്രക്ഷോഭങ്ങള്‍ക്കെതിരേ മോദി ഉദ്ധരിച്ചത് പിണറായി വിജയന്റെ പ്രസ്താവനയാണ്. ഇവര്‍ തമ്മിലുള്ള അന്തര്‍ധാര സജീവമാവുന്നതിന്റെ പുതിയ ഉദാഹരണങ്ങളാണ് പുറത്തുവരുന്നത്. പ്രക്ഷോഭങ്ങളെ ഭിന്നിപ്പിച്ച് മോദിയെ സഹായിക്കാനാണ് പിണറായി വിജയന്‍ ശ്രമിക്കുന്നത്. പ്രസ്താവന മോദി ഏറ്റുപിടിച്ച് വിവാദമാക്കിയിട്ടും പ്രക്ഷോഭകരെ തരംതിരിച്ച് ഭിന്നിപ്പിക്കുന്ന നിലപാട് വീണ്ടും ആവര്‍ത്തിക്കുകയാണ് പിണറായി വിജയന്‍. ലാവ്‌ലിന്‍ ഉള്‍പ്പെടെ പലതും പിണറായി ഭയപ്പെടുന്നുണ്ടെന്നതു യാഥാര്‍ത്ഥ്യമാണ്. ജനകീയ സമരങ്ങളെ ഒറ്റുകൊടുത്ത് ആത്മരക്ഷ തേടാനാണ് പിണറായി ശ്രമിക്കുന്നത്. ഇത് കടുത്തപാതകമാണെന്നും അതിന് പിണറായിയും സി.പി.എമ്മും കനത്ത വില നല്‍കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. സമരക്കാരുടെ വേഷം കണ്ടാലറിയാമെന്നു മോദി പറഞ്ഞതിനു സമാനമാണ് പിണറായിയും പലതരത്തിലുള്ള പട്ടം ചാര്‍ത്തി പലരെയും മാറ്റിനിര്‍ത്താന്‍ ശ്രമിച്ചത്. കേരളത്തിലെ ജനത ഒന്നടങ്കം പ്രക്ഷോഭത്തിനിറങ്ങിയത് മോദിയെ പോലെ പിണറായിയെയും ഭയപ്പെടുത്തി. അതിനാലാണ് തുടക്കം മുതല്‍ ഭിന്നിപ്പിക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞത്. ഇപ്പോള്‍ രാജ്യത്തെ പ്രക്ഷോഭങ്ങള്‍ മുഴുവന്‍ തീവ്രവാദികളാണ് സ്‌പോണ്‍സര്‍ ചെയ്യുന്നതെന്ന മോദിയുടെ വാദത്തെ ഏറ്റുപിടിച്ച് പിണറായി വിജയന്‍ തന്റെ വിധേയത്വം കൂടുതല്‍ വ്യക്തമാക്കിയിരിക്കുന്നു. ന്യൂനപക്ഷ സംരക്ഷകരെന്നും മതേതരത്വത്തിന്റെ അപ്പോസ്തലന്മാരെന്നുമുള്ള ഇടതുപക്ഷത്തിന്റെയും പിണറായിയുടെയും മുഖംമൂടി പൂര്‍ണമായി അഴിഞ്ഞുവീണിരിക്കുകയാണെന്നും അബ്ദുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു.