കക്കാടംപൊയില്‍ പീഡനം: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി കേസ് അട്ടിമറിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം- കെ കെ റൈഹാനത്ത്
KKP
08 ഫെബ്രുവരി 2020
കോഴിക്കോട്: കോഴിക്കോട് കക്കാടംപൊയിലിലെ റിസോര്‍ട്ടില്‍ ചിക്കമംഗളൂരു സ്വദേശിയായ പതിനാറുകാരി പീഡനത്തിനിരയായ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പ്രതികളായ ഉന്നതരെ രക്ഷിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് കെ കെ റൈഹാനത്ത് വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും സംസ്ഥാനാന്തര പെണ്‍വാണിഭ സംഘങ്ങളുമായി ചേര്‍ന്നു നടത്തിക്കൊണ്ടിരുന്ന പെണ്‍വാണിഭ മാഫിയയെക്കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണത്തിലൂടെ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേസില്‍ വെറും പരല്‍മീനുകള്‍ മാത്രമാണ് ഇതുവരെ പിടിയിലായിട്ടുള്ളത്. കൊമ്പന്‍സ്രാവുകളെ പിടികൂടി നിയമത്തിനു മുമ്പില്‍ കൊണ്ടുവരുന്നതിന് കാര്യക്ഷമമവും സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണമാണ് വേണ്ടത്. വയനാട് റിസോര്‍ട്ട് കേന്ദ്രീകരിച്ചു നടക്കുന്ന അനാശാസ്യ പ്രവര്‍ത്തനങ്ങളും അന്വേഷണ വിധേയമാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ കേസ് അന്വേഷിക്കുന്ന റൂറല്‍ ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പിയെ സ്ഥലം മാറ്റിയാല്‍ അന്വേഷണത്തെ ഗുരുതരമായി ബാധിക്കും. വാളയാര്‍ ഉള്‍പ്പെടെയുള്ള പല കേസുകളും അട്ടിമറിച്ചതുപോലെ ഈ കേസ് അട്ടിമറിക്കാനാണ് നീക്കമെങ്കില്‍ അതിനെതിരേ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി നേതൃത്വം നല്‍കുമെന്നും റൈഹാനത്ത് മുന്നറിയിപ്പു നല്‍കി.