ധീരരക്തസാക്ഷി വാരിയംകുന്നനെ അവഹേളിക്കുന്നത് രാജ്യദ്രോഹം: എസ്.ഡി.പി.ഐ
SDPI
05 സെപ്റ്റംബർ 2020
തിരുവനന്തപുരം: ബ്രിട്ടീഷ് അധിനിവേശത്തിനെതിരേ പോരടിച്ച് വെടിയുണ്ടകളെ തിരുനെഞ്ചില്‍ ഏറ്റുവാങ്ങി രക്തസാക്ഷിയായ ധീരദേശാഭിമാനി വാരിയംകുന്നത്തു കുഞ്ഞഹമ്മദ് ഹാജിയെ അവഹേളിക്കുന്നത് രാജ്യദ്രോഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി. കേരളത്തിന്റെ സ്വാതന്ത്ര്യസമരപോരാട്ട ചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെട്ട ധീരരക്തസാക്ഷികളായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസലിയാരുടെയും പേരുകള്‍ ഉള്‍പ്പെട്ടിരുന്ന കേന്ദ്ര സാംസ്‌കാരിക വകുപ്പ് പ്രസിദ്ധീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്ത പുസ്തകം പിന്‍വലിച്ച നടപടി അപലപനീയമാണ്. ഹിന്ദുത്വ തീവ്രസംഘടനകളുടെ വംശീയതയ്ക്കനുസരിച്ച് ചരിത്ര നിർമിതി രാജ്യത്തെ കൂടുതല്‍ അപകടത്തിലേക്ക് നയിക്കും. സ്വാതന്ത്ര്യസമരത്തെ ഒറ്റുകൊടുത്തവരെയും വൈദേശിക ഭരണകൂടങ്ങള്‍ക്ക് പാദസേവ ചെയ്തവരെയും വീരന്മാരാക്കുന്ന കപടദേശീയതയെ പൊതുസമൂഹം തിരിച്ചറിയുന്നുണ്ട്. രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്ന ദേശദ്രോഹിയെ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ പ്രതിഷ്ഠിച്ച് രാഷ്ട്രത്തെ അവഹേളിക്കുന്നവരാണ് ഇപ്പോള്‍ സ്വാതന്ത്ര്യസമര രക്തസാക്ഷികളെ പോലും സംഘപരിവാര താല്‍പ്പര്യസംരക്ഷണത്തിനായി ചരിത്രത്തില്‍ നിന്നു വെട്ടിനിരത്തുന്നത്. വാരിയന്‍കുന്നനെ കുറിച്ചു സിനിമ വരുന്നുവെന്ന പ്രഖ്യാപനം വന്നപ്പോഴും സംഘപരിവാരം ഉറഞ്ഞുതുള്ളിയിരുന്നു. ചരിത്രത്തെ വെടക്കാക്കി തനിക്കാക്കാനുള്ള സംഘപരിവാര ശ്രമം വിലപ്പോവില്ല. ഹിന്ദുത്വ ഫാഷിസത്തിന്റെ ദുര്‍നടപ്പുകളെ വിമര്‍ശിച്ചതിന്റെ പേരില്‍ അവരുടെ തോക്കിന്‍കുഴലില്‍ രക്തസാക്ഷിയാവേണ്ടി വന്ന എഴുത്തുകാരി ഗൗരീ ലങ്കേഷിന്റെ ഓര്‍മദിനമാണ് ഇന്ന്. എക്കാലത്തും സത്യത്തെ ഭയപ്പെടുന്നവരാണ് ഫാഷിസ്റ്റുകള്‍. ചരിത്രത്തെ വികലമാക്കുന്ന സംഘി ഭീകരതയ്‌ക്കെതിരേ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന എല്ലാ വിഭാഗം ജനങ്ങളുടെയും യോജിച്ച ചെറുത്തുനില്‍പ്പ് അനിവാര്യമായ സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും മൂവാറ്റുപുഴ അഷറഫ് മൗലവി വ്യക്തമാക്കി.