SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

അലനും താഹക്കും ജാമ്യം: സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഇരട്ടത്താപ്പിനേറ്റ കനത്ത തിരിച്ചടി- എസ്.ഡി.പി.ഐ
sdpi
12 സെപ്റ്റംബർ 2020

തിരുവനന്തപുരം: മാവോവാദി ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി തടവിലാക്കിയ വിദ്യാര്‍ത്ഥികളായ അലനും താഹയ്ക്കും ജാമ്യം ലഭിച്ചത് പിണറായി സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും ഇരട്ടത്താപ്പിനേറ്റ കനത്ത തിരിച്ചടിയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. അലനും താഹയും മാവോവാദികളാണെന്നും അവര്‍ ചായകുടിക്കാന്‍ പോയപ്പോള്‍ പിടികൂടപ്പെട്ടവരല്ലെന്നുമായിരുന്നു അന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ യുവാക്കളുടെ മേല്‍ മാവോവാദി ബന്ധം കെട്ടിവെക്കാനും അത് മുസ്‌ലിം സമുദായവുമായി കൂട്ടിക്കെട്ടാനും നടത്തിയ പ്രസ്താവന വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയത്. സി.പി.എം പ്രവര്‍ത്തകരായ യുവാക്കളെ മാവോവാദി ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി തടവിലാക്കാന്‍ സര്‍ക്കാര്‍ എന്‍.ഐ.എക്ക് ഒത്താശ ചെയ്തുകൊടുക്കുകയായിരുന്നു. ഒരേസമയം തങ്ങള്‍ യു.എ.പി.എക്കെതിരാണെന്ന് ആണയിടുകയും തൊട്ടതിനെല്ലാം യു.എ.പി.എ നിര്‍ബാധം ചുമത്തുകയുമായിരുന്നു ഇടതുപക്ഷ സര്‍ക്കാര്‍. അട്ടപ്പാടിയില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ മാവോവാദികളെന്നാരോപിച്ച് നാലു പേരെ വെടിവെച്ചു കൊന്നതിനെതിരേയുണ്ടായ പ്രതിഷേധം വഴിതിരിച്ചുവിടുന്നതിനായിരുന്നു അലനെയും താഹയെയും ബലിയാടാക്കിയത്. യുവാക്കള്‍ക്ക് എന്‍.ഐ.എ കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ചപ്പോഴാവട്ടെ പ്രായച്ഛിത്തം ചെയ്യുന്നതുപോലെ പ്രസ്താവനയുമായി മുതിര്‍ന്ന സി.പി.എം നേതാവ് എം എ ബേബി രംഗത്തുവന്നത് അണികളുടെ അമര്‍ഷം തണുപ്പിക്കുന്നതിനാണ്. യുവാക്കള്‍ക്കെതിരേ കെട്ടിച്ചമച്ച തെളിവുകള്‍ ചീട്ടുകൊട്ടാരം പോലെ കോടതിയില്‍ തകര്‍ന്നു വീണിരിക്കുകയാണ്. കുറ്റാരോപണങ്ങള്‍ വസ്തുനിഷ്ഠമായി തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. സര്‍ക്കാരിനെതിരേ ജനരോക്ഷമുയരുമ്പോള്‍ അപരന്മാരെ ശത്രുക്കളാക്കി രക്ഷപ്പെടാന്‍ പഴുതുതേടുന്ന ഹീനതന്ത്രത്തിന്റെ ഉദാഹരണമാണ് പന്തീരാങ്കാവ് കേസ്. ഈ കേസില്‍ സി.പി.എമ്മും ഇടതു സര്‍ക്കാരും സ്വീകരിച്ച പ്രതിലോമകരമായ തന്ത്രങ്ങള്‍ പാളിയ സ്ഥിതിക്ക് യുവാക്കളുടെ രക്ഷകര്‍ത്താക്കളോടും പൊതുസമൂഹത്തോടും കുറ്റം ഏറ്റുപറയാന്‍ തയ്യാറാവണമെന്നും പി അബ്ദുല്‍ ഹമീദ് ആവശ്യപ്പെട്ടു.