SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

പ്ലസ് വണ്‍ പ്രവേശനം: സവര്‍ണ സംവരണം 12.5 ശതമാനം നല്‍കി ഇടതു സര്‍ക്കാര്‍ സാമൂഹിക നീതി തകർക്കുന്നു - എസ്.ഡി.പി.ഐ മാനദണ്ഡങ്ങള്‍ ലംഘിച്ച പട്ടിക റദ്ദാക്കണം
sdpi
13 സെപ്റ്റംബർ 2020

തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിന് മാനദണ്ഡങ്ങള്‍ മറികടന്ന് സവര്‍ണ സംവരണം 12.5 ശതമാനം നല്‍കിയ ഇടതുസര്‍ക്കാരിന്റെ സവര്‍ണ പ്രീണനം പ്രതിഷേധാര്‍ഹമാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡൻ്റ് പി അബ്ദുൽ മജീദ് ഫൈസി. പിണറായി സർക്കാർ നടപടി സാമൂഹിക നീതി തകർക്കുന്നതും പിന്നാക്ക വിഭാഗങ്ങളോടുള്ള വെല്ലുവിളിയുമാണ്. 16711 സീറ്റുകള്‍ സവര്‍ണ വിഭാഗങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുന്നത് ഏതു മാനദണ്ഡപ്രകാരണമാണെന്ന് പിണറായി സര്‍ക്കാര്‍ വ്യക്തമാക്കണം. ഇത്രയും സീറ്റുകള്‍ അനുവദിച്ചിരിക്കുന്നതില്‍ അപേക്ഷകര്‍ കേവലം 7744 പേര്‍ മാത്രം. 8967 സീറ്റുകള്‍ അപേക്ഷകര്‍ പോലുമില്ലാതെ ഒഴിഞ്ഞുകിടക്കുന്നു. 


കേന്ദ്രമാനദണ്ഡ പ്രകാരം 10 ശതമാനം സീറ്റുകൾ മാത്രമാണ് മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് അർഹതയുള്ളത്. കേവലം 15 ശതമാനം മാത്രം വരുന്ന വിഭാഗത്തിനാണ് ഇത്രയും സീറ്റുകള്‍ സര്‍ക്കാര്‍ നീക്കി വെച്ചിരിക്കുന്നത്. 27 ശതമാനത്തോളം വരുന്ന മുസ്‌ലിം വിഭാഗത്തിന് അനുവദിച്ചിരിക്കുന്നത് 11313 സീറ്റുകള്‍ മാത്രം.


ന്യൂനപക്ഷ വിഭാഗങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മലപ്പുറം ജില്ലയില്‍ ഉപരിപഠനത്തിന് അവസരം ലഭിക്കാതെ വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുമ്പോള്‍ സവര്‍ണ സംവരണ സീറ്റുകളായി 2335 സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സവര്‍ണ സംവരണ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഇത് മാനേജ്‌മെന്റുകള്‍ കോഴ വാങ്ങുന്നതിനുള്ള അവസരം കൂടി നല്‍കുന്നതാണ്. ഈഴവ വിഭാഗത്തിന് 13002 സീറ്റുകളാണ് സംവരണം ചെയ്തിരിക്കുന്നത്. 


സംവരണ വിഭാഗങ്ങളായ പിന്നാക്ക മത ന്യൂനപക്ഷങ്ങൾക്ക് അർഹമായ സീറ്റുകൾ പോലും നിഷേധിച്ചാണ് എല്ലാ മാനദണ്ഡങ്ങളും മറി കടന്ന് സവര്‍ണ വിഭാഗങ്ങൾക്കായി  സീറ്റുകള്‍ മാറ്റിവെച്ചിരിക്കുന്നത്. ഈ അലോട്ട്‌മെന്റ് പട്ടിക റദ്ദാക്കണമെന്നും സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് പുതിയ പട്ടിക തയ്യാറാക്കണമെന്നും മജീദ് ഫൈസി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം പിന്നാക്ക വിഭഗങ്ങളെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭസമരങ്ങള്‍ക്ക് തുടക്കംകുറിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.