SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എന്‍.ഐ.എ യുടെ 'ഭീകരവേട്ട': സ്വര്‍ണ കള്ളക്കടത്ത് കേസില്‍ സംഘപരിവാര ബന്ധം മറച്ചുവെക്കാന്‍- എസ്.ഡി.പി.ഐ
sdpi
23 സെപ്റ്റംബർ 2020

തിരുവനന്തപുരം: നയതന്ത്ര ബാഗേജ് വഴി കോടിക്കണക്കിനു രൂപയുടെ സ്വര്‍ണം കള്ളക്കടത്തായി കൊണ്ടുവന്ന കേസില്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ വി മുരളീധരനെതിരേ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായ ഘട്ടത്തില്‍ സംസ്ഥാനത്ത് നിന്ന് എന്‍.ഐ.എ 'ഭീകരവേട്ട' നടത്തി ഇതര സംസ്ഥാന തൊഴിലാളികളെ അറസ്റ്റുചെയ്ത സംഭവം സംശയാസ്പദമാണെന്ന്് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ദക്ഷിണേന്ത്യ ഭീഷണിയിലാണെന്ന തരത്തില്‍ ബി.ജെ.പി എം.പി സംസാരിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഈ അറസ്റ്റ്. അറസ്റ്റ് വാര്‍ത്ത പുറംലോകമറിയുന്നതിനു മുമ്പ് തന്നെ വി മുരളീധരന്റെ ട്വീറ്റ് പുറത്തുവന്നു. ഇത് സംഭവത്തിലെ ദുരൂഹത വര്‍ധിപ്പിക്കുന്നു.


കഴിഞ്ഞ കുറേ നാളുകളായി ലോകത്തൊരിടത്തും അല്‍ഖാഇദ ഭീഷണി സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പെരുമ്പാവൂരില്‍ നിന്നു പിടിയിലായതില്‍ ഒരാള്‍ ഒരു തുണിക്കടയില്‍ പതിനായിരം രൂപ മാസശമ്പളത്തിന് പത്തുകൊല്ലമായി ജോലി ചെയ്തുവരുന്നയാളാണ്. ഹോട്ടലില്‍ 700 രൂപ ദിവസവേതനത്തിനും 600 രൂപ വേതനത്തിന് വാര്‍ക്കപ്പണിക്കും പോയിരുന്നവരാണ് മറ്റു രണ്ടുപേരുമെന്ന് നാട്ടുകാര്‍ പറയുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകരെയും ന്യൂനപക്ഷങ്ങളെയും ലക്ഷ്യമിട്ടു മാത്രം പ്രവര്‍ത്തിക്കുന്ന എന്‍.ഐ.എയുടെ ഇടപെടല്‍ നാളിതുവരെ ദുരൂഹമാണ്. ആര്‍.എസ്.എസ് നിയന്ത്രിത മോദി സര്‍ക്കാരിന്റെ ഉപകരണമായാണ് എന്‍.ഐ.എ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം നിലവിലുണ്ട്.


ഹിന്ദുത്വ ഫാഷിസ്റ്റ് രാഷ്ട്രീയ മുന്നേറ്റത്തിന് ബാലികേറാ മലയായ പശ്ചിമ ബംഗാളും കേരളവും അവരുടെ പ്രധാന ടാര്‍ഗറ്റാണ്. വ്യാജ ശത്രുക്കളെ നിര്‍മിച്ച് അവര്‍ക്കെതിരേ നിഴല്‍ യുദ്ധം നടത്തിയല്ലാതെ സംഘപരിവാരത്തിന് രാഷ്ട്രീയ നേട്ടം കൊയ്യാനാവില്ലെന്ന തിരിച്ചറിവാണ് ഈ 'ഭീകരവേട്ട' തിരക്കഥയെന്നു സംശയിക്കേണ്ടിയിരിക്കുന്നു. അലന്‍, താഹ കേസിലെ ജാള്യത മറയ്ക്കാനും എന്‍.ഐ.എയ്ക്ക് ഇത് അനിവാര്യമാണ്. അതേസമയം രാജ്യത്തിന്റെ പ്രതിരോധ രഹസ്യങ്ങള്‍ ശത്രു രാജ്യത്തിന് ചോര്‍ത്തികൊടുത്തതിന് ഡല്‍ഹിയില്‍ മൂന്നു പേരെ അറസ്റ്റുചെയ്ത കേസില്‍ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും കാണിക്കുന്ന നിസ്സംഗത അപകടകരമാണ്. അറസ്റ്റിലായ ഫ്രീലാന്‍സ് മാധ്യമ പ്രവര്‍ത്തകന്‍ രാജീവ് ശര്‍മ ആര്‍.എസ്.എസ് നിയന്ത്രണത്തിലുള്ള വിവേകാനന്ദ ഫൗണ്ടേഷന്‍ (വി.ഐ.എഫ്) സഹകാരിയെന്ന് ദ ഹിന്ദു ദിനപത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. രാജ്യത്തിന്റെ യഥാര്‍ത്ഥ ശത്രുക്കളെ തളയ്ക്കുന്നതിന് പകരം വ്യാജ ശത്രു നിര്‍മിതിയാണ് ഇവിടെ നടക്കുന്നത്. ഇത് രാജ്യതാല്‍പ്പര്യത്തിനെതിരാണെന്നും മജീദ് ഫൈസി വ്യക്തമാക്കി.