ഫാം ബില്‍ 2020: കര്‍ഷകരുടെ നേട്ടത്തിന് വേണ്ടിയല്ല - എസ്ഡിപിഐ
sdpi
23 സെപ്റ്റംബർ 2020
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന മൂന്നു കാര്‍ഷിക ബില്ലുകളും കര്‍ഷകരുടെ നേട്ടത്തിനല്ല മറിച്ച് കോര്‍പറേറ്റുകളുടെ ഗുണത്തിനു വേണ്ടിയാണെന്ന് എസ്.ഡി.പി.ഐ ദേശീയ ജനറല്‍ സെക്രട്ടറി മുഹമ്മദ് ഷെഫി. പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്സ് (പ്രമോഷന്‍ ആന്‍ഡ് ഫെസിലിറ്റേഷന്‍) ബില്‍, കര്‍ഷകരുടെ (ശാക്തീകരണവും സംരക്ഷണവും) വില ഉറപ്പ്-കാര്‍ഷിക സേവന ബില്‍, അവശ്യ ചരക്ക് (ഭേദഗതി) ബില്‍ എന്നീ മൂന്നു ബില്ലുകളാണ് നിയമമാക്കാനൊരുങ്ങുന്നത്. ബില്‍ പാസ്സാക്കുന്നതില്‍ പ്രതിഷേധിച്ച്് ഒരു മന്ത്രി കഴിഞ്ഞ ദിവസം രാജിവച്ചിരിന്നു. കര്‍ഷക വിരുദ്ധമാണ് ഈ ബില്ലുകള്‍ എന്നു ചൂണ്ടിക്കാട്ടി കര്‍ഷകര്‍ തെരുവുകളില്‍ പ്രതിഷേധത്തിലാണ്. മിനിമം സപ്പോര്‍ട്ട് പ്രൈസ് (എംഎസ്പി) ബാധിക്കില്ലെന്ന സര്‍ക്കാരിന്റെ ഉറപ്പ് കര്‍ഷകര്‍ അംഗീകരിച്ചിട്ടില്ല. നിലവിലെ എഫ്സിഐ സംഭരണ സമ്പ്രദായം കേന്ദ്രം അവസാനിപ്പിക്കുമെന്നാണ് കര്‍ഷകരുടെ ഭയം. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും (എഫ്‌സിഐ) മറ്റ് കേന്ദ്ര ഏജന്‍സികളും സംസ്ഥാനങ്ങളില്‍ നിന്നുള്ള വാര്‍ഷിക ഗോതമ്പ്, അരി വാങ്ങല്‍ നിര്‍ത്തലാക്കുമെന്ന കര്‍ഷകരുടെ ആശങ്കകള്‍ അവഗണിക്കാന്‍ കഴിയില്ല. ബില്ലുകള്‍ നിയമങ്ങളാവുന്നതോടെ സംസ്ഥാനങ്ങളുടെ നികുതി വരുമാനം എടുത്തുകളയും. ഇത് രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തിന് വിരുദ്ധമാണ്. സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചയില്‍ പങ്കാളികളെ ഉള്‍പ്പെടുത്താതെ കേന്ദ്രസര്‍ക്കാര്‍ സ്വേച്ഛാധിപത്യത്തിലേക്ക് അതിവേഗം നീങ്ങുകയാണെന്ന് ഷെഫി ആരോപിച്ചു. ബില്ലുകള്‍ നടപ്പാക്കുന്നതിനുമുമ്പ് കര്‍ഷകര്‍ ഉന്നയിക്കുന്ന ആശങ്കകള്‍ പരിഹരിക്കണമെന്ന് അദ്ദേഹം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.