SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എംപിമാരുടെ സസ്പെന്‍ഷന്‍: ഭിന്നാഭിപ്രായങ്ങളോടുള്ള കടുത്ത അസഹിഷ്ണുത- എസ്ഡിപിഐ
sdpi
23 സെപ്റ്റംബർ 2020

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നു 8 പ്രതിപക്ഷ രാജ്യസഭാംഗങ്ങളെ ഒരാഴ്ചത്തേക്ക് വിലക്കിയ നടപടി ജനാധിപത്യ വിരുദ്ധവും ഭിന്നാഭിപ്രായങ്ങളോടുള്ള സംഘപരിവാര്‍ ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ അസഹിഷ്ണുതയുമാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി പ്രസ്താവിച്ചു. കര്‍ഷക ബില്ലുകളില്‍ മന്ത്രിയുടെ മറുപടിയും വോട്ടെടുപ്പും തിങ്കളാഴ്ചയിലേക്ക് നീട്ടിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ അഭ്യര്‍ത്ഥന മാനിക്കാതെ, കൃഷിമന്ത്രി നരേന്ദ്ര തൊമാറിന്റെ മറുപടി കഴിഞ്ഞയുടനെ ബില്ലുകള്‍ വോട്ടിനിടണമെന്ന സര്‍ക്കാരിന്റെ നിലപാടിനെത്തുടര്‍ന്നാണ് അസ്വാരസ്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.


വിയോജിക്കാനും അധികാരികളെ ചോദ്യം ചെയ്യാനുമുള്ള സ്വാതന്ത്ര്യം, ആരോഗ്യപരമായ ജനാധിപത്യത്തിന്റെ അനിവാര്യമായ ഘടകങ്ങളാണ്. ഫാഷിസ്റ്റുകള്‍ക്ക് ജനാധിപത്യത്തെ ഭയമാണ്. തത്വദീക്ഷയും മൂല്യങ്ങളും അവര്‍ക്ക് ചതുര്‍ഥിയുമാണ്. തടസ്സങ്ങള്‍ കൂടാതെ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ വെമ്പല്‍ കൊണ്ട ബില്ലുകള്‍ കര്‍ഷക വിരുദ്ധമാണ്. കര്‍ഷകര്‍ക്ക് യാതൊരു ഗുണവും ചെയ്യാത്ത, കോര്‍പറേറ്റുകളെ സഹായിക്കുന്ന വിനാശകരമായ ബില്ലിനെതിരെ രാജ്യത്തെ കര്‍ഷകര്‍ സമരത്തിന്റെ പാതയിലുമാണ്. ബില്ലുകളിന്മേലുള്ള ചര്‍ച്ചകളെ പോലും സര്‍ക്കാര്‍ ഭയപ്പെടുന്നതിനാലാണ്, മന്ത്രിയുടെ മറുപടിയും വോട്ടെടുപ്പും കേവലം ഒരു ദിവസത്തേക്ക് മാറ്റണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പോലും പരിഗണിക്കാതെ ബില്ലുകള്‍ പാസാക്കിയെടുക്കാന്‍ സര്‍ക്കാര്‍ തിടുക്കം കാണിച്ചത്. ബഹളത്തിനിടയില്‍ തങ്ങള്‍ക്ക് ഭൂരിപക്ഷമില്ലാത്ത രാജ്യസഭയില്‍ ശബ്ദ വോട്ടോടെ അവര്‍ ബില്ലുകള്‍ പാസാക്കിയെടുത്തു.


തീവ്ര വലതുപക്ഷ ഫാഷിസ്റ്റുകളുടെ ദുര്‍ഭരണത്തില്‍ ജനാധിപത്യം ഇന്ത്യയില്‍ ഒരു പഴങ്കഥയായി മാറുകയാണ്. രാജ്യത്തെ ജനാധിപത്യ വിരുദ്ധ സംഭവവികാസങ്ങളിലും, ഭരണക്കാരുടെ വളര്‍ന്നുകൊണ്ടിരിക്കുന്ന അസഹിഷ്ണുതയിലും എസ്.ഡി.പി.ഐ അങ്ങേയറ്റം ആശങ്കപെടുന്നു. കേന്ദ്രസര്‍ക്കാരിന്റെ തത്വദീക്ഷാരഹിതവും അധാര്‍മികവുമായ നടപടികള്‍ക്കെതിരെ ജനാധിപത്യപരമായി പ്രതികരിക്കുമെന്നും ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യാന്‍ ജനങ്ങള്‍ സമ്മതിക്കില്ലെന്നും ഫൈസി പ്രത്യാശ പ്രകടിപ്പിച്ചു.