SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

സംസ്ഥാനം കൊലപാതകികളുടെയും ഗുണ്ടകളുടെയും നിയന്ത്രണത്തില്‍: എസ്.ഡി.പി.ഐ
sdpi
06 ഒക്ടോബർ 2020

തിരുവനന്തപുരം: സംസ്ഥാനം കൊലപാതകികളുടെയും ഗുണ്ടകളുടെയും നിയന്ത്രണത്തിലാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുല്‍ ജബ്ബാര്‍. ഒരാഴ്ചയ്ക്കിടെ തൃശൂര്‍ ജില്ലയില്‍ മാത്രം അഞ്ച് കൊലപാതകങ്ങളാണ് നടന്നിരിക്കുന്നത്. കൂടാതെ വെട്ടേറ്റ് ഗുരുതര പരിക്കുകളോടെ പലരും ചികില്‍സയിലാണ്. രാഷ്ട്രീയ പകപോക്കലിന് രാഷ്ട്രീയ പാര്‍ട്ടികള്‍ ഗുണ്ടകളെ പാലൂട്ടി വളര്‍ത്തുന്നു എന്നതിലേക്കാണ് ഈ കൊലപാതകങ്ങള്‍ വിരല്‍ ചൂണ്ടുന്നത്. രാഷ്ട്രീയ പ്രതിയോഗികളെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടി വീഴ്ത്തുമ്പോഴും ഗുണ്ടാപ്പകയെന്ന പേരില്‍ ചിത്രീകരിക്കുകയാണ്. അതുവഴി പാര്‍ട്ടികള്‍ക്ക് രക്തസാക്ഷികളെയും ബലിദാനികളെയും കിട്ടുന്നതോടൊപ്പം കൊലപാതകത്തിന്റെയും അക്രമത്തിന്റെയും ദുഷ്പേരില്‍ നിന്നു രക്ഷപ്പെടുകയും ചെയ്യും. ഈ തന്ത്രമാണ് ഇപ്പോല്‍ തൃശൂരിലുള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികള്‍ നടപ്പിലാക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് ഒന്‍പതോളം യുവാക്കളാണ് കൊലക്കത്തിക്കിരയായത്. പ്രതികള്‍ക്കെതിരേ ശക്തമായ നടപടികളെടുക്കുന്നതില്‍ ആഭ്യന്തര വകുപ്പും പോലീസും കാണിക്കുന്ന നിസ്സംഗതയാണ് അക്രമങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കാന്‍ പ്രോല്‍സാഹനമാകുന്നത്. കൃത്യമായ ആസൂത്രണത്തോടെ സംസ്ഥാനത്ത് നടന്ന കൊലപാതകങ്ങളില്‍ പോലും പോലീസ് അന്വേഷണം കാര്യക്ഷമമോ നീതിപൂര്‍വമോ അല്ലെന്നാണ് വ്യക്തമാകുന്നത്. കണ്ണൂര്‍ കണ്ണവത്തെ സ്വലാഹുദ്ദീന്റെ കൊലപാതകമുള്‍പ്പെടെ പകല്‍വെളിച്ചത്തില്‍ നടന്ന സംഭവത്തില്‍ പോലീസ് യഥാര്‍ത്ഥ പ്രതികളെ പിടികൂടാതെ ഇരുട്ടില്‍ തപ്പുന്നത് രാഷ്ട്രീയ ഒത്തുതീര്‍പ്പിന്റെ ഭാഗമാണ്. ഇത് അക്രമിക്കൂട്ടങ്ങള്‍ക്ക് വളമിട്ടു നല്‍കുന്നതാണ്. സ്വര്‍ണ കള്ളക്കടത്ത്, ലൈഫ് മിഷന്‍ ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകളില്‍ മുഖം രക്ഷിക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും ശ്രദ്ധകേന്ദ്രീകരിച്ചതോടെയാണ് സംസ്ഥാനം ഗുണ്ടകളുടെ നിയന്ത്രണത്തിലായിരിക്കുന്നത്. അക്രമികളെയും ഗുണ്ടകളെയും നിയന്ത്രിക്കുന്നതില്‍ ഇടതു സര്‍ക്കാര്‍ കാണിക്കുന്ന മെല്ലെപ്പോക്കിന് സംസ്ഥാനം കനത്ത വില നല്‍കേണ്ടി വരുമെന്നും അബ്ദുല്‍ ജബ്ബാര്‍ മുന്നറിയിപ്പു നല്‍കി.