എസ്.എന്‍ സര്‍വകലാശാല വി.സി നിയമന വിവാദം: വെള്ളാപ്പള്ളി ബി.ജെ.പിയുടെ മെഗാഫോണായി മാറുന്നു- എസ്.ഡി.പി.ഐ
sdpi
12 ഒക്ടോബർ 2020
തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വി.സിയായി ഡോ. മുബാറക് പാഷയെ നിയമിച്ചതിനെ മറയാക്കി വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന വെള്ളാപ്പള്ളി നടേശന്‍ ബി.ജെ.പിയുടെ മെഗാഫോണായി മാറിയിരിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരന്‍ പള്ളിക്കല്‍. പടിച്ചപണി പതിനെട്ടും പയറ്റിയിട്ടും കേരളീയ സമൂഹത്തെ വര്‍ഗീയമായി ധ്രുവീകരിക്കാന്‍ കഴിയാതെവന്ന ബി.ജെ.പി ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പുതിയ അടവുനയം കണ്ടെത്തിയിരിക്കുകയാണ്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന നായകനായി അവതരിപ്പിച്ച വെള്ളാപ്പള്ളി തന്നെയാണെന്നത് ഏറെ ലജ്ജാകരമാണ്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്നു പഠിപ്പിച്ച ഗുരുവിന്റെ പേരില്‍ സ്ഥാപിച്ച സര്‍വകലാശാലാ വി.സിയായി മുസ്‌ലിമായ ഒരാള്‍ വരുന്നതില്‍ അസഹിഷ്ണുത പുലര്‍ത്തുന്നത് ഗുരു നിന്ദയാണ്. സംസ്ഥാനത്തെ 13 സര്‍വകലാശാലകളില്‍ ഒരാള്‍ പോലും മുസ്‌ലിം സമൂഹത്തില്‍ നിന്നുള്ളവരില്ലെന്നിരിക്കേ കുടിവെള്ളത്തില്‍ പോലും മതവും ജാതിയും കാണുന്നവരുടെ കുടിലമനസ്സ് തിരിച്ചറിയേണ്ടതുണ്ട്. ഉന്നത വിദ്യാഭ്യാസ രംഗത്ത് ദീര്‍ഘകാല അധ്യാപന പരിചയവും ബൗദ്ധിക വിജ്ഞാന മേഖലയില്‍ അറിയപ്പെടുന്ന പണ്ഡിതനുമായ ഡോ. പി മുബാറക് പാഷയെ നിയമിച്ചത് മെറിറ്റ് നോക്കിയാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടും വെള്ളാപ്പള്ളിയും സംഘപരിവാര നേതാക്കളും ഒരേ സ്വരത്തിലാണ് പ്രതിഷേധിക്കുന്നത്. ഈ വിഷയത്തില്‍ സംഘീ ഭാഷയില്‍ സംസാരിച്ച എന്‍ കെ പ്രേമചന്ദ്രന്‍ എം.പിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ആര്‍.എസ്.എസ് അജണ്ടകള്‍ നടപ്പാക്കുന്ന നവോത്ഥാന കാപട്യങ്ങളെ ജനം തിരിച്ചറിയണമെന്നും തുളസീധരന്‍ പള്ളിക്കല്‍ വ്യക്തമാക്കി.