SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ജനസംഖ്യാനുപാതിക പ്രാതിനിധ്യം വേണം: എസ്.ഡി.പി.ഐ മേല്‍ജാതി സംവരണത്തില്‍ മുഖ്യമന്ത്രി ജനങ്ങളെ കബളിപ്പിക്കുന്നു
sdpi
27 ഒക്ടോബർ 2020

കോഴിക്കോട്: ജനസംഖ്യാനുപാതിക പ്രാതിനിധ്യം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാഭ്യാസ, ഉദ്യോഗ, നിയമനിര്‍മാണ സഭകളിലുള്‍പ്പെടെ ഓരോ സാമൂഹിക വിഭാഗങ്ങള്‍ക്കും അവരുടെ ആളെണ്ണത്തിനൊത്തവണ്ണം പ്രാതിനിധ്യം ഉണ്ടാവണം. എങ്കില്‍ മാത്രമേ ഭരണഘടന ഉറപ്പാക്കുന്ന തുല്യനീതിയും തുല്യാവകാശവും അര്‍ത്ഥപൂര്‍ണമാവുകയുള്ളൂ.


രാജ്യത്തിന്റെ ഭരണ നിയന്ത്രണവും ഭൂമിയുടെ ഉടമസ്ഥതയും വിഭവങ്ങളും കൈയടക്കി വെച്ചിരിക്കുന്നത് ന്യൂനപക്ഷമായ മേല്‍ജാതി വിഭാഗങ്ങളാണ്. ഈ അസമത്വങ്ങള്‍ ഇല്ലാതാക്കുന്നതിനും പിന്നാക്ക, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് അധികാര പങ്കാളിത്തം ഉറപ്പാക്കുന്നതിനുമായി കൊണ്ടുവന്ന സാമൂഹിക സംവരണം അട്ടിമറിക്കപ്പെടുകയാണ്. സംവരണത്തിന്റെ ഭരണഘടനാ താല്‍പ്പര്യം പോലും പിഴുതെറിഞ്ഞാണ് സാമ്പത്തികം മാനദണ്ഡമാക്കി മേല്‍ജാതി സംവരണം നടപ്പാക്കിയിരിക്കുന്നത്.


മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മേല്‍ജാതി സംവരണം ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും നടപ്പിലാക്കാന്‍ വിമുഖത കാണിക്കുമ്പോള്‍ ആവേശത്തോടെയാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ അതേറ്റെടുത്തത്. ദേവസ്വം ബോര്‍ഡ് നിയമനങ്ങളില്‍ മേല്‍ജാതി സംവരണം നടപ്പാക്കി കേരളം മുന്നിലോടുകയായിരുന്നു. അതായത് 89 ശതമാനം മേല്‍ജാതിക്കാര്‍ ജോലി ചെയ്യുന്ന ദേവസ്വം ബോര്‍ഡില്‍ 10 ശതമാനം അധിക സംവരണം കൂടി നല്‍കുകയായിരുന്നു. മേല്‍ജാതി സംവരണം നടപ്പാക്കിയതു സംബന്ധിച്ച് ഇന്നലെ മുഖ്യമന്ത്രി നല്‍കിയ വിശദീകരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണ്. നിലവിലുള്ള ഒരു വിഭാഗത്തിന്റെയും സംവരണത്തെ ഈ നിയമം ഹനിക്കുന്നില്ലെന്നും മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് പൊതു മത്സര വിഭാഗത്തില്‍നിന്ന് 10% നീക്കി വയ്ക്കുകയാണ് ചെയ്തിട്ടുള്ളതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി, മെഡിക്കല്‍ പി.ജി, എം.ബി.ബി.എസ് പ്രവേശനങ്ങളില്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹമായത് നല്‍കാതെ മേല്‍ജാതിക്കാര്‍ക്ക് അനര്‍ഹമായി ആകെ സീറ്റിന്റെ 10 മുതല്‍ 12.5 ശതമാനം വരെ നല്‍കുകയായിരുന്നു. ഈ വിഷയത്തില്‍ മുഖ്യമന്ത്രി പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും പിന്നാക്ക വിഭാഗങ്ങളെ വഞ്ചിക്കുകയുമാണ്. സംവരണീയ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി ഉദ്യോഗ രംഗത്തെ നിലവിലുള്ള പ്രാതിനിധ്യം പുറത്തുവിടാന്‍ തയ്യാറാവണം.


2006 ല്‍ കേരള ശാസ്ത്രസാഹിത്യ പരിഷത് കേരളത്തിലെ ഉദ്യോഗ നിലയെ കുറിച്ച് പഠനം നടത്തി പ്രസിദ്ധീകരിച്ച ''കേരളപഠനം'' എന്ന പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന കണക്കുകള്‍ പ്രകാരം 12.5 ശതമാനം ജനസംഖ്യയുള്ള നായര്‍ വിഭാഗങ്ങളുടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ അധികപ്രാതിനിധ്യം +40.5 % ആണ്. 1.3 ശതമാനം വരുന്ന മറ്റു മുന്നോക്ക ഹിന്ദുവിന്റെ +56.5 % ഉംആണ്. എന്നാല്‍ 22.2 ശതമാനം വരുന്ന ഈഴവരുടേത് 0.02 % ഉം 8.2 ശതമാനം വരുന്ന മറ്റ് പിന്നോക്കക്കാരുടെ പ്രാതിനിധ്യക്കുറവ് -41.0 % ഉം ആണ്. 9.8 ശതമാനം വരുന്ന പട്ടികജാതിക്കാരുടെ പ്രാതിനിധ്യം -26.6 % ഉം പട്ടികവര്‍ഗക്കാരുടേത് -49.5 % ഉം മുസ്ലിം വിഭാഗത്തിന്റേത് -124 % ഉം ആണെന്നതാണ് വസ്തുത. അത്രയേറെ പ്രാതിനിധ്യക്കുറവുണ്ട്.

40.5 % ഉം 56.5 % ഉം അധിക പ്രാതിനിധ്യമുള്ളവര്‍ക്ക് 10 ശതമാനം കൂടി പ്രാതിനിധ്യം നല്‍കുമ്പോള്‍ സ്വാഭാവികമായും അധികാരം മേല്‍ജാതിക്കാരിലേക്ക് കേന്ദ്രികരിക്കുകയും സമൂഹത്തില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് അത് കാരണമാകുകയും ചെയ്യും.

ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തില്‍ ആകെയുള്ള 162815 സീറ്റില്‍ 23 ശതമാനമുള്ള ഈഴവ വിഭാഗത്തിന് നല്‍കിയത് 13,002 (8%). 26 ശതമാനമുള്ള മുസ് ലിം വിഭാഗത്തിന് 11313 സീറ്റ് (7%), പിന്നാക്ക ഹിന്ദുവിന് 4885 സീറ്റ് (3%), ലത്തീന്‍ കത്തോലിക്ക വിഭാഗത്തിന് 4885 സീറ്റ് (3%). എന്നാല്‍ 20 ശതമാനമുള്ള മുന്നാക്കക്കാര്‍ക്ക് സംവരണം നല്‍കിയത് 16281 സീറ്റ് 10%.

എം.ബി.ബി.എസ് പ്രവേശനത്തില്‍ ആകെയുള്ള 1555 സീറ്റില്‍ ജനറല്‍ 828, ഈഴവ-94, മുസ്‌ലിം, പിന്നാക്ക ഹിന്ദു- 47, ലത്തീന്‍ കത്തോലിക്ക-47, മുന്നാക്കക്കാര്‍-130. അതായത് ജനറല്‍ ക്വാട്ടയില്‍ 933 ഉം ഈഴവ വിഭാഗത്തില്‍ 1654 ഉം മുസ്ലിം വിഭാഗത്തില്‍ 1417 ഉം പിന്നാക്ക ഹിന്ദുവിന് 1771 ഉം ലത്തീന്‍ വിഭാഗത്തില്‍ 1943 ഉം റാങ്ക് നേടിയവര്‍ക്ക് പ്രവേശനം ലഭിച്ചപ്പോള്‍ മുന്നാക്ക ജാതിയില്‍പെട്ട 8416 ാം റാങ്ക് നേടിയയാള്‍ക്കുവരെ പ്രവേശനം ലഭിച്ചു.


സംസ്ഥാനത്ത് മുന്നാക്ക വിഭാഗം കേവലം 20 ശതമാനത്തില്‍ താഴെ മാത്രമാണ്. അവര്‍ക്ക് അനര്‍ഹമായ ആനുകുല്യങ്ങളാണ് പുതിയ ഭേദഗതിയുടെ മറവില്‍ നല്‍കുന്നത്. മുന്നാക്ക കോര്‍പറേഷന്‍ ചെയര്‍മാന് മാത്രം കാബിനറ്റ് പദവി നല്‍കിയതും ഇടതുസര്‍ക്കാരാണ്.

സംസ്ഥാനത്ത് ജനസംഖ്യാനുപാതികമായി വിദ്യാഭ്യാസ, ഉദ്യോഗ, ഭരണ, നിയമനിര്‍മാണ മേഖലകളില്‍ അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും ഈ ആവശ്യമുന്നയിച്ച് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി തുടക്കംകുറിച്ചതായും മജീദ് ഫൈസി വ്യക്തമാക്കി.

വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറിമാരായ മുസ്തഫ കൊമ്മേരി, കെ കെ അബ്ദുല്‍ ജബ്ബാര്‍ എന്നിവരുംസംബന്ധിച്ചു.