കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം: പ്രവാസി കുടുംബങ്ങളെയും ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി
SDPI
06 ജൂലൈ 2021
തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന സുപ്രിം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ അര്‍ഹരായ പ്രവാസി കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരത്തുക നല്‍കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കി. കൊവിഡ് ബാധിച്ച് വിദേശത്ത് മരിച്ച ഇന്ത്യാക്കാരുടെ യഥാര്‍ത്ഥ കണക്കുപോലും ലഭ്യമല്ല. ലഭ്യമായ വിവരങ്ങളനുസരിച്ച് ആറായിരത്തിലധികം ഇന്ത്യക്കാര്‍ വിദേശരാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടതായി കണക്കാക്കപ്പെടുന്നു. ഇതില്‍ ആയിരത്തിലധികം പേര്‍ മലയാളികളാണ്. കൊവിഡ് മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുവന്ന് സംസ്‌കരിക്കുന്നതിന് ഇന്നും നിയന്ത്രണമുണ്ട്. നിയമപരമായ നൂലാമാലകള്‍ മൂലമാണ് പ്രവാസികള്‍ എത്ര പേര്‍ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുണ്ട് എന്ന കൃത്യമായ കണക്കുപോലും ലഭ്യമല്ലാത്തത്. അതേസമയം ഉറ്റവരുടെയും കുടുംബത്തിന്റെയും പട്ടിണി മാറ്റാന്‍ വിദേശങ്ങളില്‍ തൊഴില്‍ തേടി പോയവര്‍ മരണപ്പെട്ടതോടെ പല കുടുംബങ്ങളും അനാഥമാക്കപ്പെടുകയും പട്ടിണിയിലും കടക്കെണിയിലുമായിരിക്കുകയുമാണ്. പ്രവാസ ജീവിതത്തിനിടെ മരണപ്പെട്ടവരുടെ കുടംബങ്ങള്‍ക്ക് കൂടി നഷ്ടപരിഹാര തുക നല്‍കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി മുന്നോട്ടുവരണമെന്നും മജീദ് ഫൈസി നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.