പ്ലസ് വണ്‍: അര്‍ഹരായവര്‍ക്ക് ഉപരിപഠനത്തിന് അടിയന്തര സംവിധാനമൊരുക്കണം- റോയി അറയ്ക്കല്‍
sdpi
07 ഒക്ടോബർ 2021
തിരുവനന്തപുരം: അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്ലസ് വണ്‍ പ്രവേശനത്തിന് സംവിധാനമൊരുക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍. രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോള്‍ 1,95,686 പേര്‍ പ്രവേശനം ലഭിക്കാതെ പുറത്തു നില്‍ക്കുന്നു എന്നത് വിദ്യാഭ്യാസ മേഖല നേരിടുന്ന ഗുരുതരമായ സാഹചര്യത്തെയാണ് സൂചിപ്പിക്കുന്നത്. ഇഷ്ടപ്പെട്ട കോഴ്സുകള്‍ ലഭിക്കുക എന്നത് വിദ്യാര്‍ത്ഥിയുടെ അവകാശമാണ്. പ്ലസ് ടുവിന് സിറ്റ് കിട്ടാത്തവര്‍ വിഎച്ച്എസ് സിയില്‍ പഠിച്ചോളാനുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാര്‍ഹമാണ്. എല്ലാ വിഷയത്തിനും എപ്ലസ് നേടിയിട്ടും ഉപരിപഠന സാധ്യത ഇല്ലെന്നത് അത്യന്തം പരിഹാസ്യമാണ്. രണ്ടാം അലോട്ട്മെന്റോടെ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറികളിലെ 99.76 ശതമാനം മെറിറ്റ് സീറ്റുകളും നികത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. പ്ലസ് ടു പ്രവേശനം മലബാര്‍ മേഖലയിലാണ് ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കുന്നത്. മലപ്പുറം ജില്ലയില്‍ മാത്രം 36,542 പേര്‍ക്ക് വേണ്ടി ഇനി അവശേഷിക്കുന്നത് ഒരു സീറ്റ് മാത്രം. അതേസമയം സംസ്ഥാനത്ത് മുന്നാക്ക വിഭാഗങ്ങള്‍ക്കായി സംവരണം ചെയ്ത ആയിരക്കണക്കിന് സീറ്റുകള്‍ അവകാശികളില്ലാതെ ഒഴിഞ്ഞു കിടക്കുകയാണ്. പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ശേഷിക്കുന്ന പോംവഴി വലിയ തുക നല്‍കി മാനേജ്മെന്റ്്, കമ്മ്യൂണിറ്റി ക്വാട്ടകളില്‍ പ്രവേശനം നേടുകയോ ഓപണ്‍ സ്‌കൂളില്‍ ചേരുകയോ ചെയ്യുക എന്നതാണ്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഉപരിപഠനം വെറും സ്വപ്നമായി മാറും. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമില്ലാതെ ആത്മഹത്യ ചെയ്ത കുട്ടികളുടെ നാടാണ് കേരളമെന്നത് സര്‍ക്കാര്‍ മറക്കരുത്. അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ക്കാര്‍, എയിഡഡ് മേഖലയില്‍ ഉപരിപഠനത്തിന് സൗകര്യമൊരുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും റോയി അറയ്ക്കല്‍ ആവശ്യപ്പെട്ടു.