ഇന്ധനവിലവര്‍ധന: കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളുടെ കാപട്യം തുറന്നുകാട്ടും: എസ്ഡിപിഐ സെക്രട്ടറിയേറ്റിന്റെയും ഏജീസ് ഓഫീസിന്റെയും മുമ്പില്‍ 11 ന് ധര്‍ണ
Sdpi
07 നവംബർ 2021
തിരുവനന്തപുരം: ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളോട് കാണിക്കുന്ന കാപട്യം തുറന്നു കാട്ടുമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ഇന്ധന വില നിര്‍ണയാധികാരം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നികുതി കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 11 മുതല്‍ 20 വരെ എസ്ഡിപിഐ ദേശീയ കമ്മിറ്റി ആഹ്വാനം ചെയ്ത രാജ്യവ്യാപക പ്രതിഷേധം വിജയിപ്പിക്കും. ഇതിന്റെ ഭാഗമായി 11 വ്യാഴാഴ്ച രാവിലെ 11 ന് സെക്രട്ടറിയേറ്റിന്റെയും ഏജീസ് ഓഫീസിന്റെയും മുമ്പില്‍ ധര്‍ണ നടത്തും. മണ്ഡലംതലങ്ങളില്‍ വനിതകളുടെ പ്രതിഷേധങ്ങള്‍, പഞ്ചായത്ത് തലത്തില്‍ പ്രതിഷേധ സൈക്കിള്‍ റാലി, ബ്രാഞ്ച് തലങ്ങളില്‍ ഗൃഹസമ്പര്‍ക്കവും ലഘുലേഖ വിതരണവും തുടങ്ങി വ്യത്യസ്ഥങ്ങളായ പ്രതിഷേധ, പ്രചാരണ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 2014 ല്‍ ബിജെപി അധികാരമേല്‍ക്കുമ്പോള്‍ പെട്രോളിനു 9.48 രൂപയും ഡീസലിന് 3.56 രൂപയുമായിരുന്നു കേന്ദ്ര നികുതി. ഇതാണ് 32.90 രൂപയും 31.80 രൂപയുമായി ഉയര്‍ന്നത്. രാജ്യത്ത് പ്രതിഷേധം ശക്തമാവുകയും പൊതുസമൂഹം ബാലറ്റിലൂടെ തിരിച്ചടി നല്‍കാന്‍ തുടങ്ങിയതുമാണ് നികുതി നാമമാത്രമായി കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിതമാക്കിയത്. കേന്ദ്രത്തെ പഴി ചാരി സംസ്ഥാനവും അമിതകൊള്ള നടത്തുകയാണ്. നികുതി വര്‍ധന വഴി സംസ്ഥാന സര്‍ക്കാരിനു കഴിഞ്ഞ ഏപ്രില്‍ മുതല്‍ ആഗസ്ത് വരെ അധിക വരുമാനമായി കിട്ടിയത് 201 കോടി രൂപയാണ്. കൂടാതെ കിഫ്ബിക്കായി സെസ് ഇനത്തില്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ 2673 കോടി രൂപയാണ് പിരിച്ചെടുത്തത്. അതായത് പ്രതിദിനം ഒന്നേകാല്‍ കോടി രൂപ ഈ ഇനത്തില്‍ പിരിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി അവസാനിപ്പിച്ച് നികുതി കുറയ്ക്കാന്‍ തയ്യാറാവണമെന്നും സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ അജ്മല്‍ ഇസ്മായീല്‍, പി കെ ഉസ്മാന്‍, സംസ്ഥാന സെക്രട്ടറിമാരായ പി ആര്‍ സിയാദ്, കെ എസ് ഷാന്‍, സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍, അന്‍സാരി ഏനാത്ത്, പ്രാവച്ചമ്പലം അഷ്റഫ്, എസ് പി അമീറലി സംസാരിച്ചു