ഡിസംബര്‍ 6 ന് മണ്ഡലം തലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തും: എസ്ഡിപിഐ
sdpi
03 ഡിസംബർ 2021
നാലര നൂറ്റാണ്ടു കാലം ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായി നിലനിന്ന ബാബരി മസ്ജിദ് അക്രമികള്‍ തകര്‍ത്തതിന്റെ ഓര്‍മദിനമായ ഡിസംബര്‍ ആറിന് 'ബാബരി മസ്ജിദ് പുനര്‍നിര്‍മിക്കും വരെ പോരാട്ടം തുടരും' എന്ന മുദ്രാവാക്യമുയര്‍ത്തി സംസ്ഥാന വ്യാപകമായി മണ്ഡലം തലങ്ങളില്‍ പ്രതിഷേധ ധര്‍ണ നടത്തുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍ പറഞ്ഞു. ബാബരിയുടെ ചരിത്രം നീതി നിഷേധത്തിന്റെ ചരിത്രം കൂടിയാണ്. അതിന് സ്വതന്ത്ര ഇന്ത്യയുടെ അത്രയും പഴക്കമുണ്ട്. 1949 ല്‍ പള്ളിക്കുള്ളില്‍ അനധികൃത വിഗ്രഹം വെച്ചതും മസ്ജിദിന്റെ ഭൂമിയില്‍ ശിലാന്യാസം നടത്തിയതും പിന്നീട് പട്ടാപ്പകല്‍ സായുധ അക്രമികള്‍ പള്ളി തട്ടിത്തകര്‍ത്തതും മസ്ജിദിന്റെ ഭൂമി അന്യായമായി അക്രമികള്‍ക്കു തന്നെ വിട്ടു കൊടുത്തതു വരെയുള്ള നീണ്ട ചരിത്രം നീതി നിഷേധത്തിന്റേതാണ്. മസ്ജിദിന്റെ ഭൂമിയില്‍ അനധികൃത നിര്‍മാണം നടക്കുകയാണ്. പള്ളി തകര്‍ത്ത അക്രമികള്‍ കുറ്റവിമുക്തരാക്കപ്പെട്ടിരിക്കുന്നു. സംഘപരിവാരത്തിന് മസ്ജിദ് ധ്വംസനം എന്നും അധികാരത്തിലേക്കുള്ള ചവിട്ടുപടിയാണ്. യുപി തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ച് വീണ്ടും മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദിനു നേരേ അവകാശ വാദം ഉന്നയിച്ചിരിക്കുകയാണ്. ബാബരി മസ്ജിദ് തകര്‍ത്ത ഡിസംബര്‍ ആറിനു തന്നെ ഷാഹി മസ്ജിദിനുള്ളില്‍ വിഗ്രഹം സ്ഥാപിക്കുമെന്ന് ഹിന്ദുത്വ സംഘടന പ്രഖ്യാപിച്ചിരിക്കുന്നു. ആ പ്രഖ്യാപനത്തിന് പിന്തുണയുമായി യുപി ഉപ മുഖ്യമന്ത്രി തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ്. ബാബരി ധ്വംസനമെന്ന അനീതി നേടിയ വിജയമാണ് അക്രമികള്‍ക്ക് ഊര്‍ജ്ജമായതെന്നും നീതിയുടെ പുനസ്ഥാപനത്തിന് രാജ്യസ്‌നേഹികളായ മുഴുവന്‍ പൗരന്മാരും പോരാട്ടത്തിന് തയ്യാറാവണമെന്നും റോയ് അറയ്ക്കല്‍ അഭ്യര്‍ത്ഥിച്ചു.
ഡിസംബര്‍ ആറിന് രാവിലെ 11 ന് സെക്രട്ടറിയേറ്റിനു മുമ്പില്‍ നടക്കുന്ന ധര്‍ണ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്യും. മണ്ഡലം തലങ്ങളില്‍ വൈകീട്ട് 4.30 നാണ് പ്രതിഷേധ ധര്‍ണ സംഘടിപ്പിച്ചിരിക്കുന്നത്. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ മജീദ് ഫൈസി (മലപ്പുറം), ദേശീയ സെക്രട്ടറിയേറ്റംഗം പ്രഫ. പി കോയ (ഫറോക്ക്-കോഴിക്കോട്), ദേശീയ സമിതിയംഗങ്ങളായ അഡ്വ. കെ പി മുഹമ്മദ് ശരീഫ് (പാണ്ടിക്കാട്-മഞ്ചേരി), സി പി എ ലത്തീഫ് (പുല്ലൂര്‍), സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി അബ്ദുല്‍ ഹമീദ് (കോഴിക്കോട്- കൊടുവള്ളി), കെ കെ റൈഹാനത്ത് (പെരുമ്പാവൂര്‍), സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ റോയ് അറയ്ക്കല്‍ (തൂക്കുപാലം- ഇടുക്കി), പി കെ ഉസ്മാന്‍ (പത്തനംതിട്ട), അജ്മല്‍ ഇസ്മായീല്‍ (പാലക്കാട്), സംസ്ഥാന ട്രഷറര്‍ എ കെ സ്വലാഹുദ്ദീന്‍ (ചിന്നക്കട-കൊല്ലം), സംസ്ഥാന സെക്രട്ടറിമാരായ കെ എസ് ഷാന്‍ (ആലപ്പുഴ), പി ആര്‍ സിയാദ് (കളമശ്ശേരി), കൃഷ്ണന്‍ എരഞ്ഞിക്കല്‍ (കൊണ്ടോട്ടി), ജോണ്‍സണ്‍ കണ്ടച്ചിറ (തൊടുപുഴ), കെ കെ അബ്ദുല്‍ ജബ്ബാര്‍ (ചാവക്കാട്), പി ജമീല (വയനാട്) എന്നീ സ്ഥലങ്ങളില്‍ പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യും. മറ്റു മണ്ഡലങ്ങളില്‍ സംസ്ഥാന, ജില്ലാ നേതാക്കള്‍ ഉദ്ഘാടനം നിര്‍വഹിക്കും.