SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

വംശീയ വിഭജനത്തിന്റെ ഉപകരണമായി പോലീസ് മാറുന്നു
sdpi
13 ഡിസംബർ 2021

കൊച്ചി: ബിജെപി സര്‍ക്കാരിന്റെ പോലീസ് നയത്തിന്റെ ചുവടുപിടിച്ച് കേരളാ പോലീസിനെയും വംശീയ വിഭജനത്തിന്റെ ഉപകരണമായി ഇടതു സര്‍ക്കാര്‍ മാറ്റുകയാണെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഉസ്മാന്‍. വഖ്ഫ് നിയമനം പിഎസ് സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് കോഴിക്കോട് നടത്തിയ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്ത പതിനായിരം പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരിക്കുകയാണ്. സിപിഎം സമ്മേളനങ്ങളില്‍ ആയിരങ്ങള്‍ ഒത്തുചേരുമ്പോഴും തലശ്ശേരിയിലുള്‍പ്പെടെ ആര്‍എസ്എസ്സും ബിജെപിയും എബിവിപിയും സംഘടിക്കുമ്പോഴും ഉണ്ടാവാത്ത കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവര്‍ക്ക് മാത്രം ബാധകമാകുന്നതിന്റെ അടിസ്ഥാനം ദുരൂഹമാണ്. 

ബാബരി രക്തസാക്ഷിത്വ ദിനത്തില്‍ ഞാന്‍ ബാബരി എന്ന സ്റ്റിക്കര്‍ പതിച്ചവര്‍ക്കെതിരേ പോലും പോലീസ് കേസെടുത്തിരിക്കുകയാണ്. ആര്‍ എസ് എസ് കാര്യാലയത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് കേരളാ പോലീസ് കേസും റെയ്ഡും  തീരുമാനിക്കുന്ന അവസ്ഥയിലായിരിക്കുന്നു. ബാബരി സ്റ്റിക്കര്‍ പതിച്ചവര്‍ക്കെതിരേ കേസെടുക്കുകയും അര്‍ധരാത്രി വീട്ടില്‍ കയറി റെയ്ഡ് നടത്തുകയും ചെയ്ത സംഭവം ഉദാഹരണമാണ്.

മോഫിയ പര്‍വീന്റെ മരണം സംബന്ധിച്ച് അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയ പ്രാദേശിക യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മുസ്ലിം ആയി എന്ന ഒറ്റക്കാരണത്താല്‍ അവരെ തീവ്രവാദികളായി ചിത്രീകരിക്കുന്ന പോലീസ് സമീപനം കേരള പോലിസിന്റെ വംശീയ നിലപാട് ഏറ്റവും പുതിയ ഉദാഹരണമാണ്. സംഭവം വിവാദമായതോടെ ചില പോലിസ് ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപെടാനുള്ള ശ്രമമാണ് നടത്തുന്നത്.  

മതചിഹ്നങ്ങളും പേരുകളും നോക്കി ഇത്തരം വംശീയ വിവേചനങ്ങള്‍ കേരളത്തില്‍ പല സന്ദര്‍ഭങ്ങളിലും ഉണ്ടായിട്ടുണ്ട്. കേരളീയ സമൂഹത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന വംശീയ വിഭജന നിലപാടുകളില്‍ പോലീസിന്റെ പങ്ക് നിര്‍ണായകമാണ്. അവകാശ നിഷേധങ്ങള്‍ക്കെതിരേ അടിസ്ഥാന വിഭാഗങ്ങള്‍ നടത്തുന്ന ജനാധിപത്യപരമായ സമരങ്ങളെയും രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഇടപെടലുകളെയും അപരവല്‍ക്കരിച്ച് അതിനോട് വംശീയ സമീപനം സ്വീകരിക്കുന്നത് കേരളത്തിന് ഭൂഷണമല്ല.  

പോലീസ് സംവിധാനം ഉള്‍പ്പെടെയുള്ള നിയമപാലന സംവിധാനത്തില്‍ പക്ഷപാതപരമായ സമീപനമാണെന്ന കേരളീയ പൊതുസമൂഹത്തിന്റെ നിരാശ ഗുണകരമല്ല. 

സംയുക്ത സൈനീക മേധാവി വിപിന്‍ റാവത്തിന്റെ ദാരുണ മരണത്തെ പോലും ഉപയോഗപ്പെടുത്തി ഒരു സമുദായത്തെ അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ഹീനമായ ശ്രമം നാം കണ്ടതാണ്. വ്യാജ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകള്‍ സൃഷ്ടിച്ച സംഘപരിവാര ശ്രമത്തിനെതിരേ പോലീസ് അനങ്ങാപ്പാറ നയമാണ് സ്വീകരിക്കുന്നത്.  പ്രചാരണം വ്യാജമാണെന്ന് വ്യക്തമായിട്ടും വിഷലിപ്തമായ പ്രചാരണം നടത്തിയ കെ സുരേന്ദ്രനെതിരേ കേസെടുക്കാന്‍ പോലിസ് തയ്യാറാവുമോ?.

ഹലാലിന്റെ അടിസ്ഥാനം തുപ്പുന്ന ഭക്ഷണമാണെന്ന പച്ചയായ നുണപ്രചാരണത്തിലൂടെ സമൂഹത്തില്‍ കലാപം സൃഷ്ടിക്കാനുള്ള ശ്രമം നടത്തിയിട്ടും മുഖ്യമന്ത്രി പ്രതികരിക്കുകയോ പോലീസ് നിയമനടപടി സ്വീകരിക്കകുയോ ചെയ്തിട്ടില്ല. 

പോലീസിന്റെ പക്ഷപാതപരമായ സമീപനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ആര്‍ജ്ജവം കാണിക്കണമെന്നും പി.കെ ഉസ്മാന്‍ ആവശ്യപ്പെട്ടു. സംസ്ഥാന  പ്രവര്‍ത്തക സമിതിയംഗം വി.എം ഫൈസല്‍ പങ്കെടുത്തു.