SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ: ജുഡീഷ്യല്‍ അന്വേഷണം നടത്തണം- പി കെ ഉസ്മാന്‍
sdpi
04 ഫെബ്രുവരി 2022

തിരുവനന്തപുരം: ജില്ലയിലെ പെരിങ്ങമ്മലയിലെയും വിതുരയിലെയും ആദിവാസി പെണ്‍കുട്ടികളുടെ ആത്മഹത്യ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. അഞ്ച്് മാസത്തിനിടെ അഞ്ച് പെണ്‍കുട്ടികള്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഈ ആവശ്യമുന്നയിച്ചത്. പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ത്തിയിരുന്ന ഭാവി വാഗ്ദാനങ്ങളാണ് അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്. മേഖലയിലെ പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയായി ആത്മഹത്യയില്‍ അഭയം തേടുന്നത് പോലീസും അധികൃതരും ഗൗരവമായി കാണുന്നില്ലെന്ന ഊര് നിവാസികളുടെ ആക്ഷേപം ഞെട്ടിപ്പിക്കുന്നതാണ്. പെരിങ്ങമ്മലയില്‍ ആത്മഹത്യ ചെയ്ത നാല് പെണ്‍കുട്ടികളുടെ പോസ്റ്റ്‌മോര്‍ട്ടത്തിലും കുട്ടികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും പീഡനത്തിനിരയായതായും കണ്ടെത്തിയത് ഗൗരവതരമാണ്. വിവാദമായ ആത്മഹത്യകളില്‍ പ്രണയ നൈരാശ്യമെന്ന ഒറ്റ വാക്കില്‍ ചില ആദിവാസി യുവാക്കളുടെ മേല്‍ കുറ്റമാരോപിച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പെടുത്തുകയാണ് പോലീസ്. ആദിവാസി യുവാക്കളെ ഇടനിലക്കാരാക്കി പെണ്‍കുട്ടികളെയും യുവാക്കളെയും വഴിതെറ്റിക്കുന്നതില്‍ ഊരിന് പുറത്തുള്ളവരുടെ പങ്കിനെക്കുറിച്ച് കൃത്യമായ അന്വേഷണം വേണം. ആദിവാസി മേഖലയെ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്ന ലഹരി സംഘങ്ങള്‍ക്ക് കടിഞ്ഞാണിടാതെ പ്രശ്‌നപരിഹാരം അസാധ്യമാണെന്നാണ് മേഖലയില്‍ നിന്നു ലഭിക്കുന്ന വിവരങ്ങള്‍. കഴിഞ്ഞ ദിവസവും രണ്ട് പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയായതായി വാര്‍ത്തകള്‍ വന്നിരുന്നു. പ്രതികളുടെ രാഷ്ട്രീയ ബന്ധവും ഭരണ സ്വാധീനവും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ പഴുതൊരുക്കുകയാണ്. ആദിവാസി മേഖലയിലെ ലഹരി ഉപയോഗം തടയുന്നതിനും പെണ്‍കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും സംസ്ഥാന സര്‍ക്കാര്‍ സത്വരമായ ഇടപെടല്‍ നടത്തണമെന്നും പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.

ആത്മഹത്യകള്‍ വ്യാപകമാകുന്ന വിതുര, പെരിങ്ങമ്മല ആദിവാസി മേഖലകളില്‍ നടന്ന സന്ദര്‍ശനത്തില്‍ എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് നിസാമുദ്ദീന്‍ തച്ചോണം, ജില്ലാ സെക്രട്ടറി സിയാദ് തൊളിക്കോട്, മണ്ഡലം പ്രസിഡന്റ് അഷ്‌കര്‍ തൊളിക്കോട്, ഇടിഞ്ഞാര്‍ ഷിബു, ഇടിഞ്ഞാര്‍ ഷാജഹാന്‍ എന്നിവരും സംബന്ധിച്ചു.