ഫാഷിസത്തെക്കുറിച്ച നേതാക്കളുടെ പ്രതികരണം സിപിഎമ്മിന്റെ കാപട്യം തുറന്നുകാട്ടുന്നു: റോയ് അറയ്ക്കല്‍
sdpi
08 ഏപ്രില് 2022
തിരുവനന്തപുരം: ആര്‍എസ്എസ് നിയന്ത്രിത കേന്ദ്രസര്‍ക്കാര്‍ തല്‍ക്കാലം ഫാഷിസ്റ്റ് ഭരണകൂടമല്ലെന്ന സിപിഎം പോളിറ്റ് ബ്യൂറോ അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ളയുടെയും എം എ ബേബിയുടെയും പ്രതികരണം അവരുടെ കാപട്യം തുറന്നുകാട്ടുന്നതാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. സിപിഎം 23 ാം പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി തന്നെ അവരുടെ നയംമാറ്റം പൂര്‍ണമായതായി പരസ്യപ്രഖ്യാപനം നടത്തുകയായിരുന്നു. ഇന്ത്യയില്‍ ഫാഷിസം വന്നിട്ടില്ലെന്ന് മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇല്ലാത്ത ഫാഷിസത്തിനെതിരേ നിഴല്‍ യുദ്ധമായിരുന്നോ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നതെന്നു നേതാക്കള്‍ വ്യക്തമാക്കണം. അഥവാ ഫാഷിസ്റ്റ് വിരുദ്ധ വായ്ത്താരി മതനിരപേക്ഷ കക്ഷികളെ കബളിപ്പിച്ച് വോട്ട് തട്ടിയെടുക്കാനുള്ള ചെപ്പടി വിദ്യ മാത്രമായിരുന്നു എന്നത് ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. മുസ്ലിംകള്‍ക്കും ക്രൈസ്തവര്‍ക്കും ദലിതര്‍ക്കുമെതിരേ വംശഹത്യകളും ആള്‍ക്കൂട്ട കൊലപാതകങ്ങളും ജാതി അധിക്ഷേപങ്ങളും കൊലവിളികളും രാജ്യത്ത് വ്യാപകമായി നടന്നുകൊണ്ടിരിക്കുമ്പോഴാണ് സിപിഎം നേതാക്കള്‍ ഈ പ്രസ്താവന നടത്തിയതെന്നത് ഏറെ ഗൗരവതരമാണ്. യഥാര്‍ത്ഥ ഫാഷിസ്റ്റ് ഭീകരതയെ അദൃശ്യവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന സിപിഎം എപ്പോഴെങ്കിലും ആര്‍എസ്എസ്സിനെതിരേ ശബ്ദിച്ചാല്‍ തൂക്കമൊപ്പിക്കാന്‍ ഇല്ലാത്ത ന്യൂനപക്ഷ തീവ്രവാദത്തെയും പരാമര്‍ശിക്കുന്ന പതിവ് കാണാം. വിചാരധാരയുടെ അടിസ്ഥാനത്തില്‍ വംശശുചീകരണത്തിനും വംശഹത്യക്കും പരസ്യ ആഹ്വാനവുമായി ധര്‍മസന്‍സദുകള്‍ രാജ്യത്ത് വ്യാപകമാവുകയാണ്. ന്യൂനപക്ഷങ്ങളുടെ പൗരത്വം പോലും നിഷേധിച്ച് അവകാശങ്ങളൊന്നുമില്ലാത്ത അപരന്മാരാക്കി മാറ്റാനുള്ള ശ്രമമാണ് ബിജെപി തുടരുന്നത്. ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക ചിഹ്നങ്ങള്‍ പോലും തകര്‍ത്തെറിയാനുള്ള നീക്കങ്ങളും അധികാരത്തിന്റെ തിണ്ണബലത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നു. ഈ ഭീകരമായ രാഷ്ട്രീയ, സാമൂഹിക സാഹചര്യത്തിലാണ് സിപിഎം ഫാഷിസത്തെ അദൃശ്യവല്‍ക്കരിച്ച് കണ്ണടച്ച് ഇരുട്ടാക്കാന്‍ ശ്രമിക്കുന്നത്. തങ്ങളാണ് യഥാര്‍ത്ഥ ഫാഷിസ്റ്റ് വിരുദ്ധ പോരാളികളാണെന്ന സിപിഎം അവകാശവാദത്തിന്റെ പൊള്ളത്തരം കൂടുതല്‍ വ്യക്തമായിരിക്കുന്നതായി റോയ് അറയ്ക്കല്‍ പറഞ്ഞു.