SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

എന്‍ഡോസള്‍ഫാന്‍: മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യചെയ്ത സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്- പി കെ ഉസ്മാന്‍
sdpi
31 മെയ്‌ 2022

എന്‍ഡോസള്‍ഫാന്‍: മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യചെയ്ത സംഭവം മനസ്സാക്ഷിയെ ഞെട്ടിക്കുന്നത്- പി കെ ഉസ്മാന്‍


കടുംകൈ ചെയ്തത് ദുരിതത്തോടൊപ്പം ക്രൂരമായ ഭരണകൂട അവഗണനകൂടി താങ്ങാന്‍ കഴിയാതെ


തിരുവനന്തപുരം: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതയായ മകളെ കൊലപ്പെടുത്തി അമ്മ ആത്മഹത്യചെയ്ത സംഭവം അത്യന്തം ദാരുണവും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍.  നിസ്സഹായരായ ജനങ്ങള്‍ക്ക് മേല്‍ ഭരണകൂടം വിതച്ച കൊടും വിഷമാണ് എന്‍ഡോസള്‍ഫാന്‍.  എന്‍ഡോസള്‍ഫാന്‍ ദുരിതത്തോടൊപ്പം ക്രൂരമായ ഭരണകൂട അവഗണനകൂടി ഒരേ സമയം താങ്ങാന്‍ ജീവിതം വഴിമുട്ടിയ ദൗര്‍ഭാഗ്യവതിയായ ആ പാവം അമ്മയ്ക്ക് കഴിഞ്ഞിട്ടുണ്ടാവില്ല.


എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സുപ്രീം കോടതി ഉത്തരവുപ്രകാരം നല്‍കേണ്ട നഷ്ടപരിഹാരം ഇനിയും നല്‍കാന്‍ പിണറായി സര്‍ക്കാറിന്റെ രണ്ടാം ഊഴത്തിലും തയ്യാറായിട്ടില്ല എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.  2017 ലാണ് എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അഞ്ചുലക്ഷം രൂപവീതം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി വിധി വന്നത്.  എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരായ 3,704 പേരില്‍, കോടതിവിധി നടപ്പാക്കാത്തതിന് എതിരെ സുപ്രീം കോടതിയെ സമീപിച്ച വെറും എട്ടുപേര്‍ക്കുമാത്രമേ നഷ്ടപരിഹാരം നല്‍കിയിട്ടുള്ളൂ. അവകാശത്തിന് വേണ്ടി കോടതിയില്‍ പോകാന്‍ പോലും ത്രാണിയില്ലാത്ത പാവങ്ങള്‍ക്ക് ബോധപൂര്‍വം നഷ്ടപരിഹാര തുക തടഞ്ഞുവെച്ചു.  അത്ര ക്രൂരമായായാണ് ഇടതു സര്‍ക്കാര്‍ പെരുമാറിയത്.  കോടികള്‍ ചെലവഴിച്ചുള്ള ഭരണധൂര്‍ത്ത് തുടരുമ്പോഴാണ് മതിയായ ചികിത്സ പോലും തടയുന്ന വിധം ഈ പാവങ്ങളോട് സര്‍ക്കാര്‍ പെരുമാറിയത്.  മുഖ്യമന്ത്രിയും മന്ത്രി പരിവാരങ്ങളും പൊതുഖജനാവില്‍ നിന്നും അത്യന്താധുനിക ചികിത്സ തേടി വിദേശ വികസിത രാജ്യങ്ങളിലേക്ക് പറക്കുമ്പോള്‍, കിടക്കുന്ന കട്ടിലില്‍ ഒന്ന് തിരിഞ്ഞുകിടക്കാന്‍ ശേഷിയില്ലാത്ത പാവങ്ങളെ പൂര്‍ണമായും അവഗണിക്കുകയാണ് ചെയ്തത്.    ഇരകളില്‍ 102 പേര്‍ പൂര്‍ണമായും കിടപ്പിലാണ്. 326 പേര്‍ മാനസിക വെല്ലുവിളി നേരിടുന്നവരാണ്. 201 പേര്‍ അംഗവൈകല്യം ബാധിച്ചവരും, 119 കാന്‍സര്‍ രോഗികളും 2,966 പേര്‍ പലവിധത്തിലുള്ള മറ്റു അവശതകള്‍ അനുഭവിക്കുന്നവരുമാണ്.  നിരന്തര ചികിത്സയും ഏറെ പരിചരണവും  കരുതലും ആവശ്യമുള്ളവരാണ് ഈ ഹതഭാഗ്യര്‍.   ഇവരോടുള്ള സര്‍ക്കാര്‍ സമീപനം പൈശാചികമാണ്.


നിത്യവൃത്തിക്കായി കൂലിപ്പണിയെടുക്കാന്‍ പോലും കഴിയാത്ത ദുരവസ്ഥയായിരിക്കണം ആ പാവം അമ്മയെ കൊടുംകൈക്ക് പ്രേരിപ്പിച്ചത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് മതിയായ പരിചരണവും ചികിത്സയും നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്.  ഏറെ ആഘോഷിക്കപ്പെട്ട മുന്‍ ആരോഗ്യമന്ത്രി പോലും ഇവര്‍ക്ക് നേരെ മുഖം തിരിച്ചില്ല. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാര തുക എത്രയും വേഗം വിതരണം ചെയ്യണം. അവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുകയും അവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യണമെന്നും അവര്‍ക്ക് ന്യായമായും ലഭിക്കേണ്ട നീതി ഇനിയും തടഞ്ഞുവെക്കരുതെന്നും പി കെ ഉസ്മാന്‍ ആവശ്യപ്പെട്ടു.