SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ജുമുഅ പ്രഭാഷണത്തിനു നിയന്ത്രണ നോട്ടിസ്; പോലീസ് നടപടി ബോധപൂർവം: കെ കെ അബ്ദുൽ ജബ്ബാർ
sdpi
15 ജൂണ്‍ 2022

മയ്യില്‍ പോലിസ് സ്‌റ്റേഷനിലേക്ക് എസ് ഡിപി ഐ മാര്‍ച്ച് നടത്തി


കണ്ണൂര്‍: ജുമാ പ്രഭാഷണത്തിനു നിയന്ത്രണ നോട്ടീസ് നൽകിയത് പോലീസ് സേനയിലെ ബോധപൂർവ്വമായ ഇടപെടലാണെന്ന് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി കെ കെ അബ്ദുൽ ജബ്ബാർ പറഞ്ഞു.  ബിജെപി നേതാക്കൾ നടത്തിയ പ്രവാചക നിന്ദ സംബന്ധിച്ച്, പള്ളികളിൽ നടക്കുന്ന ജുമുഅ പ്രഭാഷണത്തില്‍ മതസ്പര്‍ധയുണ്ടാക്കുന്ന പരാമര്‍ശമുണ്ടെങ്കില്‍ മഹല്ല് ഭാരവാഹികൾക്കെതിരേ നടപടിയെടുക്കുമെന്ന് നോട്ടീസ് നല്‍കിയതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മയ്യില്‍ പോലിസ് സ്‌റ്റേഷൻ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്എച്ച്ഒയെ സ്ഥലം മാറ്റി പ്രശ്നം ഒത്തുതീർപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഇതിൻ്റെ പിന്നിൽ ഗൂഢാലോചന നടത്തിയ മുഴുവൻ ഉദ്യോഗസ്ഥരെയും നിയമത്തിനു മുന്നിൽ കൊണ്ടുവരണം. പോലീസ് സേനയിൽ ആർഎസ്എസ് കടന്നു കയറിയെന്ന സിപിഎം നേതാക്കളുടെ  വിമർശനങ്ങൾ ശരിവെക്കുന്ന നിലപാടാണ് അടുത്തിടെയായി കേരള പോലീസിൽ നിന്ന് ഉണ്ടായികൊണ്ടിരിക്കുന്നത്. ജുമാ പ്രഭാഷണത്തിനിടെ കേരളത്തിലെവിടെയെങ്കിലും വിദ്വേഷം പരാമർശം നടത്തിയതായി ഒരു കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ല. എന്നാൽ പാലാ ബിഷപ്പ് നടത്തിയ വിദ്വേഷ  പ്രചരണവും നിരവധി ചർച്ചകളിൽ വിതരണം ചെയ്ത ഇടയലേഖനങ്ങൾക്കുമെതിരെ കേരളത്തിൽ പരാതികളുയർന്നിട്ടുണ്ട്. ശശികലയും പി സി ജോർജ്ജും ഗോപാലകൃഷ്ണനടക്കം നിരവധിപേർ വിദ്വേഷ പ്രചരണം നടത്തിയത്  ക്ഷേത്രങ്ങളിൽ വച്ചാണ്. അവിടെ പ്രസംഗിച്ചവർക്കെതിരെയോ ഭാരവാഹികൾക്കെതിരെയോ യാതൊരുവിധ നടപടികളും സ്വീകരിച്ചിട്ടില്ല. ന്യൂനപക്ഷങ്ങളെ സമൂഹത്തിൽനിന്ന് അപരവൽക്കരിക്കുക എന്ന സംഘപരിവാര ഗൂഢാലോചനയുടെ  ഭാഗമായാണ് ഇത്തരം സംഭവങ്ങൾ ബോധപൂർവ്വമായി സേനയിൽ നിന്ന് ഉണ്ടാക്കുന്നത്. ഒരു എസ് എച്ച് ഒ ഒറ്റെക്കെടുത്ത തീരുമാനമാണ് എന്ന് ജനങ്ങൾ വിശ്വസിക്കില്ല.  കുറ്റക്കാരായ മുഴുവൻ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  എസ്ഡിപി ഐ അഴീക്കോട് മണ്ഡലം പ്രസിഡന്റ് അബ്ദുള്ള നാറാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുസ്തഫ നാറാത്ത്, തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ തിരുവട്ടുർ, ഇസ് ഹാഖ് സംസാരിച്ചു.