SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

ലോക കേരളാ സഭ: സര്‍ക്കാര്‍ ധവള പത്രം ഇറക്കണം- എ കെ സലാഹുദ്ദീന്‍
sdpi
18 ജൂണ്‍ 2022

തിരുവനന്തപുരം: കോടികള്‍ ചെലവഴിച്ച് നടത്തുന്ന ലോക കേരള സഭയിലൂടെ സംസ്ഥാനത്തിനുണ്ടായ നേട്ടം സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ധവള പത്രം ഇറക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറര്‍ എ കെ സലാഹുദ്ദീന്‍. കേരളത്തിനകത്തും ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഇന്ത്യക്ക് പുറത്തും വസിക്കുന്ന ഇന്ത്യന്‍ പൗരന്‍മാരായ കേരളീയരുടെ പൊതു വേദിയായി വിഭാവനം ചെയ്തു കൊണ്ടാണ് ലോക കേരള സഭ രൂപീകരിച്ചത്. 2018ലും 2020ലുമായി രണ്ട് ലോക കേരളസഭാ സമ്മേളനങ്ങള്‍ക്കായി കോടികളാണ് ചെലവഴിച്ചത്.  കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സംസ്ഥാനത്ത് നടക്കുന്ന ലോക കേരള സഭയ്ക്ക് ചെലവിനായി മൂന്നു കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. കഴിഞ്ഞ രണ്ടു സഭയുടെ ഫലമായി എന്തു നേട്ടമാണ് ഉണ്ടായതെന്ന് സര്‍ക്കാര്‍ വിശദീകരിക്കണം. വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമുള്ള ധനാഢ്യരായ ബിസിനസുകാരും എംപിമാരും എംഎല്‍എമാരുമാണ് സഭാംഗങ്ങള്‍. മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേനയാണ് പ്രവാസി ബിസിനസുകാര്‍ക്ക് സഭാംഗത്വം ലഭിക്കുന്നതെന്നതു തന്നെ വലിയ തട്ടിപ്പിന് കളമൊരുക്കുകയാണ്. പ്രവാസികളുടെ പണം ഉപയോഗിച്ചുള്ള വികസനപദ്ധതികള്‍, തിരിച്ചുവരുന്നവരുടെ പുനരധിവാസം, പ്രവാസിക്ഷേമ പദ്ധതികള്‍ എന്നിവയൊന്നും നാളിതുവരെ നടപ്പിലാക്കിയിട്ടില്ല. സമ്പന്ന വ്യവസായ പ്രമുഖരായ പ്രവാസികളെ ഇടതു ചേരിക്കൊപ്പം നിര്‍ത്താനും സിപിഎമ്മിനു ഫണ്ട് സമാഹരിക്കാനുമുള്ള കേവല ചെപ്പടിവിദ്യയായി മാറിയിരിക്കുകയാണ് ലോക കേരള സഭ. സാമ്പത്തിക ഞെരുക്കത്തില്‍ നട്ടം തിരിയുന്ന സംസ്ഥാനത്ത് ഖജനാവില്‍ നിന്ന് കോടികള്‍ ധൂര്‍ത്തടിച്ച് നടത്തുന്ന ഈ മാമാങ്കം സംബന്ധിച്ച് സോഷ്യല്‍ ഓഡിറ്റ് നടത്താനെങ്കിലും സര്‍ക്കാര്‍ തയ്യാറാവണം. പൊതുജനങ്ങളുടെ നികുതി പണം വിനിയോഗിച്ചു നടത്തുന്ന ലോക കേരള സഭയിലൂടെ സംസ്ഥാനത്തിനുണ്ടായ നേട്ടങ്ങള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ മര്യാദ കാണിക്കണമെന്നും എ കെ സലാഹുദ്ദീന്‍ ആവശ്യപ്പെട്ടു.