രൂക്ഷമായ മരുന്നു ക്ഷാമം: ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം- പി അബ്ദുല്‍ ഹമീദ്
sdpi
18 ജൂലൈ 2022
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മുതല്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ വരെ അവശ്യമരുന്നുകളുള്‍പ്പെടെ രൂക്ഷമായ ക്ഷാമം നേരിടുകയാണെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്.
സര്‍ക്കാര്‍ ആശുപത്രികളില്‍ കാന്‍സര്‍, ഹൃദ്രോഗം, കിഡ്‌നി രോഗം തുടങ്ങിയ ഗുരുതര രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍പോലും ലഭ്യമല്ല. പനിബാധിതരുടെ എണ്ണം ദിവസംതോറും വര്‍ധിക്കുകയാണെങ്കിലും ആന്റിബയോട്ടിക്കുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ മിക്ക ആശുപത്രികളിലുമില്ല. ജീവിത ശൈലീരോഗങ്ങള്‍ക്കടക്കം സ്ഥിരമായി കഴിക്കേണ്ട മരുന്നുകള്‍ക്കും ദൗര്‍ലഭ്യമാണ്. വിലകൂടിയ ജീവന്‍രക്ഷാ മരുന്നുകളും പുറത്തുനിന്നു വാങ്ങണം. സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കേണ്ടിവരുന്ന സാധാരണക്കാര്‍ മരുന്നുകിട്ടാതെ നട്ടം തിരിയേണ്ട സാഹചര്യം നിര്‍ഭാഗ്യകരമാണ്. കൂടാതെ സര്‍ക്കാര്‍ ആശുപത്രികളില്‍ വേണ്ടത്ര പരിശോധനാ സംവിധാനങ്ങളില്ലാത്തത് രോഗികള്‍ക്ക് ഏറെ പ്രതിസന്ധിയായിരിക്കുന്നു. പരിശോധനാ യന്ത്രങ്ങളുള്ളിടത്ത് വിദഗ്ധരായ ജീവനക്കാരില്ല. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് അഞ്ചു വര്‍ഷത്തിനിടെ കെഎംഎസ്സിഎല്‍ വാങ്ങിയ 235 കോടി രൂപയുടെ പരിശോധനാ യന്ത്രങ്ങളില്‍ പലതും കേടായിരിക്കുന്നു. മരുന്ന് വാങ്ങുന്നതിലും യന്ത്രങ്ങള്‍ വാങ്ങുന്നതിലും വ്യാപകമായ ക്രമക്കേടും അഴിമതിയും നടക്കുന്നതായ ആരോപണം നിലനില്‍ക്കുന്നു. ഗര്‍ഭകാലത്തു കൃത്യമായ രോഗനിര്‍ണയം ഇല്ലാത്തതാണു മരണത്തിനു കാരണമാകുന്നതെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ വന്നിട്ടും സര്‍ക്കാരിന് കുലുക്കമില്ല. നിലവില്‍ പല രോഗികള്‍ക്കും ആശ്രയം സ്വകാര്യ ലാബുകള്‍ തന്നെയാണ്.
കേരളം നമ്പര്‍ വണ്‍ എന്ന പ്രചാരണത്തിനു നല്‍കുന്ന താല്‍പ്പര്യമെങ്കിലും സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്കു നല്‍കിയാല്‍ നിലവിലെ ഗുരുതര പ്രതിസന്ധിക്ക് പരിഹാരമാകും. ആരോഗ്യവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്ന് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ആരോഗ്യമേഖലയ്ക്കു തന്നെ അടിയന്തര ചികില്‍സ വേണമെന്ന സാഹചര്യമാണ് സംസ്ഥാനത്ത് നിലവില്‍. സാധാരണക്കാരുടെ ജീവനും ആരോഗ്യത്തിനും പുല്ലുവില നല്‍കാത്ത ഇടതു സര്‍ക്കാരിനെതിരേ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നു വരണമെന്നും പി അബ്ദുല്‍ ഹമീദ് പറഞ്ഞു.