ആശ്വാസ കിരണം പദ്ധതി പുനസ്ഥാപിക്കാനും കുടിശ്ശിഖ വിതരണം ചെയ്യാനും സര്‍ക്കാര്‍ തയ്യാറാവണം- ജോണ്‍സണ്‍ കണ്ടച്ചിറ
sdpi
26 ജൂലൈ 2022
കോഴിക്കോട്: കിടപ്പ് രോഗികളെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ തുടങ്ങിയ ആശ്വാസകിരണം പദ്ധതി നിലച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞിരിക്കുകയാണെന്നും അത് ഉടന്‍ പുനസ്ഥാപിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. പദ്ധതിയുടെ നിലവിലുള്ള ഗുണഭോക്താക്കള്‍ക്ക് കഴിഞ്ഞ 12 മാസമായി ആനുകുല്യം നല്‍കിയിട്ടില്ല. ഈ കുടിശ്ശിഖ ഉടന്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മറ്റു യാതൊരു തൊഴിലിനും പോവാനാകാതെ മുഴുസമയം കര്‍മനിരതരായി സേവനം ചെയ്യുന്നവര്‍ക്ക് അനുവദിച്ചിരിക്കുന്നത് പ്രതിമാസം തുച്ഛമായ 600 രൂപ മാത്രമാണ്. അതും വലിയ ആശ്വാസമായി കാണുന്ന പാവങ്ങളോടാണ് സര്‍ക്കാര്‍ അനുവദിച്ച തുക പോലും നല്‍കാതെ ക്രൂരത കാണിക്കുന്നത്. 2010 ല്‍ സാമൂഹികനീതി വകുപ്പ് കിടപ്പുരോഗികരെ പരിചരിക്കുന്നവര്‍ക്കായി ആരംഭിച്ച പദ്ധതിയില്‍ 2018 മുതലുള്ള ഏതാണ്ട് 75,000 അപേക്ഷകള്‍ സര്‍ക്കാരിന്റെ ദയാവയ്പ്പിനായി കാത്തുകിടക്കുകയാണ്.
പരിചരിക്കാന്‍ നില്‍ക്കുന്നയാള്‍ക്ക് ദിവസം 100 രൂപ വീതം കൊടുത്താല്‍പോലും മാസം കുറഞ്ഞത് 3000 രൂപ വേണം. ഒരു വരുമാനവും ഇല്ലെന്ന് ഉറപ്പായാല്‍ മാത്രമേ ഈ ധനസഹായം അനുവദിക്കുകയുള്ളൂ. വരുമാനം ഇല്ലാത്തയാള്‍ക്ക് സര്‍ക്കാര്‍ വല്ലപ്പോഴും നല്‍കുന്ന 600 രൂപ കൊണ്ട് പരിചാരകനെ നിര്‍ത്താനോ വീട്ടിലെ ആരെങ്കിലും ജോലിക്കു പോകാതെ മുഴുവന്‍ സമയം പരിചരിക്കാനോ കഴിയുമോയെന്ന് മനസ്സാക്ഷിയുള്ളവര്‍ വിലയിരുത്തണം. കുടിശ്ശിഖ തീര്‍ത്ത് അനുവദിക്കുന്നതിനൊപ്പം ധനസഹായം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു.