SDPI
ഹെൽപ് ഡസ്ക് : +91 471 233 7547
ലോക്സഭാ തിരഞ്ഞെടുപ്പ് 2019

പ്രസ്സ് റിലീസ്

ഹോം » പ്രസ്സ് റിലീസ്

അംബേദ്കര്‍ ഗ്രാമം പദ്ധതി: വെട്ടിക്കുറച്ച തുക ഉടന്‍ പുനസ്ഥാപിക്കണം- പി കെ ഉസ്മാന്‍
sdpi
01 സെപ്റ്റംബർ 2022

തിരുവനന്തപുരം: ദലിത് വിഭാഗങ്ങള്‍ക്കായി വിഭാവനം ചെയ്ത അംബേദ്കര്‍ ഗ്രാമം പദ്ധതിക്കായി അനുവദിച്ച തുകയില്‍ അഞ്ചിലൊന്ന് വെട്ടിക്കുറച്ചത് പ്രതിഷേധാര്‍ഹമാണെന്നും തുക ഉടന്‍ പുനസ്ഥാപിക്കണമെന്നും എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. ഓരോ നിയോജക മണ്ഡലത്തിലും അടിസ്ഥാന സൗകര്യ വികസനത്തില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്നതും നാല്‍പതോ അതിലധികമോ പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്നതും വികസന പ്രവര്‍ത്തനങ്ങള്‍ ആവശ്യമുള്ളതുമായ 2 കോളനികളെ വീതം തിരഞ്ഞെടുത്ത് ഓരോ കോളനിയിലും ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും ഒന്നാം പിണറായി സര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതിയാണ് ഇപ്പോള്‍ അട്ടിമറിച്ചിരിക്കുന്നത്. 


ഇടതു സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ 202 പട്ടികജാതി കോളനികളെ പദ്ധതിക്കായി തിരഞ്ഞെടുത്തെങ്കിലും 166 കോളനികള്‍ക്ക് 166 കോടി അനുവദിക്കേണ്ടതില്‍ കേവലം 33.2 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതായത് കോളനി ഒന്നിന് ഇരുപത് ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ദലിത്-ആദിവാസി മേഖലകളില്‍ നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികള്‍ ഇപ്പോള്‍ തന്നെ നിശ്ചലമാണ്. ഇതിന് പിന്നാലെയാണ് പട്ടികജാതി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള അംബേദ്കര്‍ ഗ്രാമം പദ്ധതിയ്ക്കായി വകയിരുത്തിയ ഫണ്ടും കൈയിട്ടുവാരിയത്. 


ഇടതു സര്‍ക്കാരിനു കീഴില്‍ സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായി കിഫ്ബി വഴി വിവിധ പ്രവര്‍ത്തികള്‍ക്കായി ആയിരക്കണക്കിന് കോടി രൂപ ചെലവഴിക്കുമ്പോഴും ആദിവാസി-ദലിത് വിഭാഗങ്ങള്‍ ഈ അടിസ്ഥാന സൗകര്യ വികസനത്തിന് പുറത്താണ്. ഇടതുപക്ഷ സര്‍ക്കാര്‍ അടിസ്ഥാന ജനവിഭാഗങ്ങളെ തുല്യാവകാശമുള്ള ജനതയായി പരിഗണിക്കുന്നില്ല എന്നതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണിവ. ഒരു സവര്‍ണ പ്രീണനമാണ് കേരളത്തില്‍ നടക്കുന്നത്. ധൂര്‍ത്തിനും പിആര്‍ വര്‍ക്കിനും കോടികളൊഴുക്കുന്ന ഇടതുസര്‍ക്കാര്‍ അടിസ്ഥാന ജനതയുടെ ആനുകുല്യങ്ങളും അവകാശങ്ങളും കവര്‍ന്നെടുക്കുന്നത് കടുത്ത വഞ്ചനയും അനീതിയുമാണ്. ദലിത്-ആദിവാസി വിഭാഗങ്ങളോടുള്ള അവകാശ നിഷേധത്തിനെതിരേ ശക്തമായ പ്രചാരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും സംസ്ഥാനം വേദിയാകുമെന്നും പി കെ ഉസ്മാന്‍ മുന്നറിയിപ്പു നല്‍കി.