വിനാശകരമായ വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരേ പൊതുബോധം ഉണരണം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
sdpi
01 സെപ്റ്റംബർ 2022
തിരുവനന്തപുരം: കേരളത്തിന്റെ തെക്കന്‍ തീരദേശമേഖലയുടെ സമ്പൂര്‍ണ നാശത്തിന് വഴിയൊരുക്കുന്ന വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരേ പൊതുബോധം ഉണരണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എസ്ഡിപിഐയുടെയും കേരളാ സ്വതന്ത്ര മല്‍സ്യത്തൊഴിലാളി ഫെഡറേഷന്റെയും സംയുക്ത ഐക്യദാർഢ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കടല്‍ക്ഷോഭം, മല്‍സ്യസമ്പത്തിന്റെ വംശനാശം, തൊഴിലാളികള്‍ നേരിടുന്ന പ്രതിസന്ധി, തീരശോഷണം, ആവാസ വ്യവസ്ഥയ്ക്കുണ്ടാവുന്ന ഗുരുതരമായ വ്യതിയാനം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ധസമിതിയുടെ കൃത്യവും ശാസ്ത്രീയവുമായ പഠനത്തിനു ശേഷം മാത്രമേ തുടര്‍നിര്‍മാണം സംബന്ധിച്ച് തീരുമാനമെടുക്കാവൂ.
പദ്ധതി നിര്‍മാണം തുടങ്ങിയതോടെ നൂറുകണക്കിന് തീരദേശവാസികളുടെ കുടംബങ്ങളാണ് അഭയാര്‍ത്ഥികളായി മാറിയിരിക്കുന്നത്. നിര്‍മാണം ആരംഭിച്ച ശേഷം 261 വീടുകള്‍ പൂര്‍ണമായും 86 വീടുകള്‍ ഭാഗികമായും തകര്‍ന്നിരിക്കുകയാണ്. പനത്തുറ മുതല്‍ വേളി വരെയുള്ള നിരവധി കുടുംബങ്ങളാണ് വലിയതുറയിലെ പഴയ സിമന്റ് ഗോഡൗണിലും സ്‌കൂളുകളിലുമായി അഭയാര്‍ഥികളായി കഴിയുന്നത്.
വെട്ടുകാട്, കൊച്ചുവേളി, വേളി എന്നിടങ്ങളെല്ലാം തീരശോഷണത്തിന്റെ രൂക്ഷത അനുഭവിക്കുകയാണ്. വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ മതിലുവരെ കടല്‍ എത്തിയിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പതിവിന് വിപരീതമായി വിഴിഞ്ഞത്ത് തിരയിളക്കം ശക്തമായിരിക്കുന്നു. ഇതുമൂലം മത്സ്യത്തൊഴിലാളികള്‍ മരിക്കുകയും ചെയ്തു. തിരയിളക്കം കാരണം തുറമുഖത്ത് വള്ളങ്ങള്‍ കൂട്ടിമുട്ടി അപകടങ്ങള്‍ പതിവാണ്.
പോര്‍ട്ട് നിര്‍മാണവും കടല്‍ തുരക്കലും (ഡ്രഡ്ജിങ്) മൂലം സമീപ തീരങ്ങളും നഷ്ടമാകുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ ഉദ്ധരിച്ച് മത്സ്യത്തൊഴിലാളികള്‍ ആശങ്കപ്പെടുന്നു.
തിരുവനന്തപുരത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ശംഖുമുഖം ബീച്ച് ഏറെക്കുറെ നാമാവശേഷമായിക്കഴിഞ്ഞിരിക്കുന്നു. തീരം കടലെടുക്കുക മാത്രമല്ല ആയിരങ്ങളുടെ ഉപജീവന മാര്‍ഗമായ മല്‍സ്യബന്ധനം തടസ്സപ്പെടുകയും വിവിധ തരം മല്‍സ്യങ്ങള്‍ വംശനാശം സംഭവിച്ചിരിക്കുന്നു. ഇത് തീരദേശവാസികളുടെ മാത്രം പ്രശ്നമല്ല. പദ്ധതി പൂര്‍ത്തിയാകുന്നതോടെ കേരളത്തിന്റെ ആയിരക്കണക്കിന് ഏക്കര്‍ തീരം കടലെടുക്കാനും മല്‍സ്യബന്ധനം തടസ്സപ്പെടാനും മല്‍സ്യ വംശനാശത്തിനും ഇടയാക്കും. കൂടാതെ പദ്ധതി നിര്‍മാണത്തിനാവശ്യമായ കരിങ്കല്ല് ശേഖരിക്കാന്‍ പശ്ചിമഘട്ട മലനിരകള്‍ ഇടിച്ചു നിരപ്പാക്കണം. ഇത് കേരളത്തെ തകര്‍ക്കും.
കേരളത്തിന്റെ രക്ഷയ്ക്കായി നടക്കുന്ന സമരം വിജയിക്കേണ്ടത് സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷയ്ക്കും നിലനില്‍പ്പിനും ഉതകുന്ന തരത്തിലുള്ള നിലപാടെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോൺസൺ കണ്ടച്ചിറ , സ്വതന്ത്ര മല്‍സ്യ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സമിതിയംഗം സിസ്റ്റർ മേഴ്സി മാത്യൂ സംസാരിച്ചു.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല, ജനറല്‍ സെക്രട്ടറി ഷബീര്‍ ആസാദ്, സ്വതന്ത്ര മല്‍സ്യ തൊഴിലാളി ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് വാലെറിയാന്‍ ഐസക്, ജില്ലാ സെക്രട്ടറി ജനറ്റ് ക്ലീറ്റസ് സംബന്ധിച്ചു.