ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്: ഇടതു സര്‍ക്കാര്‍ ഗുരുതര വീഴ്ച വരുത്തി: ജോണ്‍സണ്‍ കണ്ടച്ചിറ
Press Release
30 ജനുവരി 2025
ധൂര്‍ത്തും മേളകളും നടത്തി കോടികള്‍ പൊടിപൊടിക്കുന്ന ഇടതു സര്‍ക്കാര്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിന് അനുവദിച്ച തുക ചെലവഴിക്കാതെ ഗുരുതര വീഴ്ച വരുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ. ധനവകുപ്പാണ് സാമ്പത്തിക ഞെരുക്കത്തിന്റെ പേരില്‍ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ആനുകുല്യം തടഞ്ഞുവെച്ചിരിക്കുന്നത്. ന്യൂനപക്ഷ സ്‌കോളര്‍ഷിപ് അനുവദിച്ചു നല്‍കുന്നതില്‍ ന്യൂനപക്ഷ ക്ഷേമ മന്ത്രി വി അബ്ദുര്‍ റഹ്മാനും ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ രേണു രാജും കാണിക്കുന്ന നിസ്സംഗത വിദ്യാര്‍ഥികളോടുള്ള വഞ്ചനയാണ്. 87.63 കോടി രൂപ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിന് സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ 2024-25 ലെ പദ്ധതിയില്‍ വകയിരുത്തിയിരുന്നെങ്കിലും സാമ്പത്തിക വര്‍ഷം തീരാന്‍ രണ്ടു മാസം മാത്രം ബാക്കിയിരിക്കെ ചെലവഴിച്ചത് കേവലം 1.39 ശതമാനം തുക മാത്രം. സി.എ/ഐ.സി.ഡബ്ല്യു.എ കോഴ്സ് ചെയ്യുന്നവര്‍ക്ക് 97 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പിന് വകയിരുത്തിയിട്ട് ഒരു രൂപ പോലും കൊടുത്തിട്ടില്ല. മൂന്നു വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് ചെയ്യുന്നവര്‍ക്ക് 82 ലക്ഷം രൂപ അനുവദിച്ചെങ്കിലും അതും ചെലവഴിച്ചിട്ടില്ല. കരിയര്‍ ഗൈഡന്‍സിന് 1.20 കോടി, നൈപുണ്യ പരിശീലനത്തിന് 5.82 കോടി, പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പിന് 20 കോടി, നഴ്സിങ് /പാരാ മെഡിക്കല്‍ കോഴ്സ് ചെയ്യുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പിന് 68 ലക്ഷം എന്നിങ്ങനെ തുക വകയിരുത്തിയതിന്റെയും സ്ഥിതി ഇതു തന്നെ. ഉപരി പഠനത്തിന് അര്‍ഹത നേടിയിട്ടും സാമ്പത്തിക പരാധീനത കാരണം പഠനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്ക് വലിയ ആശ്വാസമാകേണ്ട പദ്ധതികളാണ് സര്‍ക്കാരിന്റെ വഞ്ചനാപരമായ നിലപാട് മൂലം മുടങ്ങിയിരിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം വകയിരുത്തിയിട്ടുള്ള സ്‌കോളര്‍ഷിപ് ആനുകുല്യം അര്‍ഹമായവര്‍ക്ക് യഥാസമയം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജോണ്‍സണ്‍ കണ്ടച്ചിറ ആവശ്യപ്പെട്ടു.