കടല്‍ മണല്‍ ഖനനം: കോര്‍പറേറ്റുകള്‍ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ പരിസ്ഥിതിയെ കൊള്ളയടിക്കരുത്- കൃഷ്ണന്‍ എരഞ്ഞിക്കല്‍
kerala_news
06 ഫെബ്രുവരി 2025
തിരുവനന്തപുരം: കേരള തീരത്ത് കടലില്‍ ഖനനം നടത്തി നിര്‍മാണാവശ്യങ്ങള്‍ക്ക് മണ്ണെടുത്ത് വില്‍പന നടത്താന്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ എരഞ്ഞിക്കല്‍. സംസ്ഥാനത്ത് കൊല്ലം സൗത്ത്, നോര്‍ത്ത്, ആലപ്പുഴ, പൊന്നാനി, ചാവക്കാട് എന്നിവിടങ്ങളില്‍ തീരക്കടല്‍ ഖനനം ചെയ്യുന്ന ലേല നടപടികളുമായി കേന്ദ്ര ഖനന മന്ത്രാലയം മുന്നോട്ട് പോകുന്നത് കേരളത്തിന്റെ തീരദേശമേഖലയെ സമ്പൂര്‍ണ നാശത്തിലേക്ക് നയിക്കും. കോര്‍പറേറ്റുകള്‍ക്ക് മാത്രം സാമ്പത്തികനേട്ടം ഉണ്ടാക്കാന്‍ ഉതകുന്ന മണല്‍ ഖനന പദ്ധതി കടലിന്റെ ജൈവ വൈവിധ്യത്തെയും ആവാസ വ്യവസ്ഥയെയും തകര്‍ക്കും. കൂടാതെ കടലും കടല്‍ തീരവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളെ പ്രതികൂലമായി ബാധിക്കും. കടലും കടല്‍ തീരവും അതീവ പരിസ്ഥിതി ലോലപ്രദേശമാണന്നും അവിടെ നടത്തുന്ന ഏതൊരു ചെറിയ ഇടപെടല്‍ പോലും കടല്‍ പരിസ്ഥിതിയിലും കടല്‍ ജീവികളുടെ ആവാസ വ്യവസ്ഥയിലും ഗുരുതരമായ പ്രതിസന്ധികള്‍ സൃഷ്ടിക്കും. കൊല്ലം ജില്ലയിലെ പറവൂര്‍ മുതല്‍ ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളിവരെ ഏകദേശം 3300 ചതുരശ്ര കിലോമീറ്റര്‍ വീസ്തീര്‍ണത്തിലും 275 മീറ്റര്‍ മുതല്‍ 375 മീറ്റര്‍ വരെ ആഴത്തിലും വ്യാപിച്ചുകിടക്കുന്ന കൊല്ലം കടല്‍തിട്ട പോഷകമൂല്യവും വാണിജ്യ മൂല്യവും ഏറെയുള്ള മത്സ്യങ്ങളുടെ ആവാസ കേന്ദ്രമാണ്. കടലിന്റെ ആവാസ വ്യവസ്ഥയ്ക്കും മത്സ്യസമ്പത്തിനും മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തിനും ഭീഷണിയായ കടല്‍ മണല്‍ ഖനനത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി പിന്‍മാറണമെന്ന് കൃഷ്ണന്‍ എരഞ്ഞിക്കല്‍ ആവശ്യപ്പെട്ടു.